അറബ് രാജ്യങ്ങൾ ജുഡീഷ്യൽ സഹകരണം വർധിപ്പിക്കണം -നീതിന്യായ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: അറബ് ലീഗിന്റെ ചട്ടക്കൂടിൽ അറബ് രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി-ബഹുരാഷ്ട്ര നിയമ, ജുഡീഷ്യൽ സഹകരണം വർധിപ്പിക്കുന്നതിന് കുവൈത്ത് നീതിന്യായ മന്ത്രാലയത്തിന് താൽപര്യമുണ്ടെന്ന് നീതിന്യായ മന്ത്രാലയം അണ്ടർ സെക്രട്ടറി ഒമർ അൽ ഷർഖാവി. മൊറോക്കോയിലെ അറബ് നീതിന്യായ മന്ത്രിമാരുടെ കൗൺസിലിന്റെ 38ാമത് സെഷനിൽ പങ്കെടുത്തശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംയുക്ത അറബ് സഹകരണ സംവിധാനങ്ങൾ ഏകീകരിക്കാനുള്ള താൽപര്യം കുവൈത്ത് പ്രകടിപ്പിക്കുന്നു. പ്രധാനമായും സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവക്കെതിരെ പോരാടുന്നതിൽ -അൽ ഷർഖാവി പറഞ്ഞു. കുറ്റകൃത്യങ്ങൾ, തീവ്രവാദം, മയക്കുമരുന്ന്, സൈബർ സുരക്ഷ എന്നിവയെ അഭിമുഖീകരിക്കുന്നതിലും പ്രായോഗിക വശങ്ങൾ കൈമാറ്റം ചെയ്യാനും ഒരുമിച്ചുനിൽക്കേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം എടുത്തുപറഞ്ഞു.
'സാമ്പത്തിക പ്രതിസന്ധി അറബ് ഏകീകരണത്തിനുള്ള അവസരം'
കുവൈത്ത് സിറ്റി: നിലവിലെ ദുഷ്കരമായ ആഗോള സാമ്പത്തിക സാഹചര്യങ്ങളെ അറബ് രാജ്യങ്ങൾ സാമ്പത്തിക ഏകീകരണത്തിലേക്ക് നയിക്കുന്ന അവസരങ്ങളാക്കി മാറ്റണമെന്ന് മൊറോക്കോയിലെ കുവൈത്ത് അംബാസഡർ അബ്ദുല്ലത്തീഫ് അൽ യഹ്യ.
അറബ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്, സ്റ്റാൻഡേഡൈസേഷൻ ആൻഡ് മൈനിങ് ഓർഗനൈസേഷൻ ചർച്ചയുടെ ഭാഗമായി ഔദ്യോഗിക മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായിക മേഖലയെ പിന്തുണക്കുന്നതിനായി വിജ്ഞാനം, നവീകരണം, ഡിജിറ്റൈസേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.
വാണിജ്യ വ്യവസായ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് കുവൈത്ത് പ്രതിനിധി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിതല യോഗത്തിൽ അംബാസഡർ
പങ്കെടുത്തു. അറബ് ഐക്യത്തിനും കുവൈത്ത് സർക്കാറിന്റെ പിന്തുണ അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.