അറബ് ഉച്ചകോടി: പ്രധാനമന്ത്രി പങ്കെടുത്തു
text_fieldsകുവൈത്ത് സിറ്റി: ബഹ്റൈനിൽ നടന്ന 33ാമത് അറബ് ലീഗ് ഉച്ചകോടിയിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് പങ്കെടുത്തു. ഉച്ചകോടിക്കു മുമ്പായി വിവിധ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻസി ദിവാൻ തലവനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും പ്രാദേശിക, അന്തർദേശീയ സംഭവ വികാസങ്ങളും വിലയിരുത്തി.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾ നിറവേറ്റുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനും വിവിധ തലങ്ങളിൽ പിന്തുണ ഉറപ്പാക്കുന്നത് ഇരുവരും ചർച്ചചെയ്തു. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ അബ്ബാസ്, മിഡിൽ ഈസ്റ്റിലെ റഷ്യൻ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി മിഖായേൽ ബോഗ്ദാനോവുമായും കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി. നേരത്തെ ബഹ്റൈനിലെത്തിയ പ്രധാനമന്ത്രിയെ ബഹ്റൈൻ രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അഹ്മദ് റാഷിദ് ഖത്താബി എന്നിവർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ബഹ്റൈനിലെ കുവൈത്ത് അംബാസഡർ ശൈഖ് താമർ ജാബിർ അൽ അഹമ്മദ് അസ്സബാഹ്, കുവൈത്തിലെ ബഹ്റൈൻ അംബാസഡർ സലാ അലി അൽ മാലികി എന്നിവരും വിമാനത്താവളത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.