അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ; സമനിലത്തുടക്കം
text_fieldsകുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് ഫുട്ബാൾ കപ്പ് ആദ്യ ദിന മത്സരങ്ങളിൽ സമനില. ജാബിർ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന കുവൈത്ത്-ഒമാൻ മത്സരം 1-1 എന്ന നിലയിൽ പിരിഞ്ഞു. സുലൈബിക്കാത്ത് ജാബിർ അൽ മുബാറക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ ഖത്തറും- യു.എ.ഇയും ഇതേ സ്കോറിൽ പിരിഞ്ഞു.
വൈകീട്ട് ഏഴിന് ആരംഭിച്ച വർണാഭമായ ഉദ്ഘാടന ചടങ്ങിന് പിറകെ തിങ്ങിനിറഞ്ഞ ജാബിർ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ കാണികളുടെ പൂർണ പിന്തുണയോടെയാണ് കുവൈത്ത് ഒമാനെ നേരിടാൻ ഇറങ്ങിയത്. 60,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം കാണികളാൽ നിറഞ്ഞിരുന്നു. 34ാം മിനിറ്റിൽ സഹതാരം മിഷാരി ഗന്നാമിന്റെ മനോഹരമായ ക്രോസ് സ്വീകരിച്ച് പെർഫെക്റ്റ് ഹെഡറിലൂടെ ക്യാപ്റ്റൻ യൂസഫ് നാസർ കുവൈത്തിനെ മുന്നിലെത്തിച്ചു.
സ്റ്റേഡിയം നിറഞ്ഞ കാണികൾ ആർത്തുവിളിച്ച സമയം. തൊട്ടുപിറകെ 41ാം മിനിറ്റിൽ കുവൈത്ത് ടീമിന് ലീഡ് ഇരട്ടിയാക്കാനുള്ള സുവർണാവസരം മുഹമ്മദ് ദഹാം നഷ്ടപ്പെടുത്തി.
തൊട്ടുപിറകെ ക്രോസ് ബാൾ സ്വീകരിച്ച് അനായാസം ഗോളിലെത്തിച്ച സ്ട്രൈക്കർ ഇസ്സാം അൽ സാബിയിലൂടെ ഒമാൻ ടീം സമനില ഗോൾ നേടി.
ഖത്തർ-യു.എ.ഇ
17ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ അക്റം അഫീഫിലൂടെ മുന്നിലെത്തിയ ഖത്തർ യു.എ.ഇക്കെതിരെ നിരന്തരം ആക്രമണം അഴിച്ചുവിട്ടു. എന്നാൽ, പിടിച്ചു നിന്ന യു.എ.ഇ 46ാം മിനിറ്റിൽ യഹ്യ അൽ ഗസാനിയിലൂടെ സമനില ഗോൾ നേടി.
രണ്ടാം പകുതിയിൽ ആധിപത്യം പുലർത്തിയ യു.എ.ഇ പലതവണ ഖത്തർ ഗോൾപോസ്റ്റിന് സമീപം എത്തിയെങ്കിലും ഖത്തർ പ്രതിരോധനിര കടിഞ്ഞാണിട്ടതിനാൽ ഗോൾ നേടാനായില്ല. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് നേടി പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.