ആരോഗ്യ പ്രവർത്തകർ മിത്രമോ, ശത്രുവോ ?
text_fieldsകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിത ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം അത്യന്തം വേദനിപ്പിക്കുന്നതാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെ കേരളത്തിൽ ആദ്യമായി നടക്കുന്ന സംഭവമായി ഇതിനെ കാണാൻ സാധിക്കില്ല. അടുത്തിടെയായി ഇത് കൂടിയിട്ടുണ്ട്.
ആരോഗ്യപ്രവർത്തകരുടേതല്ലാത്ത കുറ്റത്തിനാണ് മിക്കപ്പോഴും അക്രമണങ്ങളുണ്ടാകുന്നത്. ഭരണസംവിധാനങ്ങളുടെ രംഗത്തുള്ള പിഴവുകൾക്കാണ് പ്രധാനമായും ആരോഗ്യപ്രവർത്തകർ ഇരയാകേണ്ടിവരുന്നത്. ആവശ്യത്തിന് മരുന്നുകളില്ലാതിരിക്കുക, ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം, ജീവൻരക്ഷാ ഉപകരണങ്ങളുടെ ദൗർലഭ്യം ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ ആരോഗ്യപ്രവർത്തകരുടെ നിയന്ത്രണത്തിലല്ല എന്നത് വ്യക്തമാണ്. അടിയന്തര ചികിത്സ വിഭാഗങ്ങളിലെ തിരക്ക്, തന്മൂലം രോഗികൾക്ക് നേരിടേണ്ടിവരുന്ന അകാരണമായ കാത്തിരിപ്പ്, മുഷിപ്പ് ഇതൊക്കെ അനാവശ്യ പ്രകോപനങ്ങളിലേക്ക് രോഗികളെയും ബന്ധുക്കളെയും തള്ളിവിടുന്നു. എമർജൻസി വിഭാഗങ്ങളിൽ മിക്കവാറും രാത്രി സമയങ്ങളിലാണ് അക്രമങ്ങൾ അരങ്ങേറുന്നതായി കണ്ട് വരുന്നത്.
രോഗികളുടെ നന്മയ്ക്കുവേണ്ടിയാണ് ഓരോ ആരോഗ്യ പ്രവർത്തകനും പ്രവർത്തിക്കുന്നത് എന്ന ചിന്ത എല്ലാവർക്കും വേണം. അതേസമയം, ആരോഗ്യ പ്രവർത്തകരെ മർദിക്കുന്നതിനെതിരെ എന്തുകൊണ്ട് പൊതുജനങ്ങൾ പ്രതിഷേധിക്കുന്നില്ല. രാഷ്ട്രീയ പാർട്ടിയോ,യുവജനസംഘടനകളോ ആരോഗ്യ പ്രവർത്തകരുടെ രക്ഷയ്ക്ക് മുന്നോട്ട് വരുന്നില്ല എന്നതും ചിന്തിക്കേണ്ട വിഷയമാണ്.
രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട സർവകാര്യങ്ങളും അറിയാൻ രോഗിക്കും ബന്ധുക്കൾക്കും അവകാശമുണ്ട്. എന്നാൽ പല വിവരങ്ങളും മറച്ചുവെക്കുന്നതാണ് രീതി. നിയമഭേദഗതി കൊണ്ടുവരുമ്പോൾ ഇതുപോലുള്ള കാര്യങ്ങൾകൂടി ഉൾപ്പെടുത്തിയാൽ ആശുപത്രികളിൽ സംഘർഷങ്ങൾ ഉണ്ടാകുന്നത് കുറക്കാനാവും. ആശുപത്രിക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അക്രമങ്ങളുടെ ശിക്ഷ വർധിപ്പിക്കുക, അന്വേഷണങ്ങളും നടപടികളും ഉടനടി പൂർത്തിയാക്കുക, ആശുപത്രികൾ കാമറ നിരീക്ഷണത്തിലാക്കുക.
സെക്യൂരിറ്റി സ്റ്റാഫിനെ എല്ലാമേഖലകളിലും ഉറപ്പാക്കുക. ആശുപത്രി ആക്രമണങ്ങൾക്കുള്ള ശിക്ഷാനടപടികളെക്കുറിച്ച് നോട്ടീസ് ബോർഡുകൾ സ്ഥാപിക്കുക എന്നിവ നടപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.