അറുപത് കഴിഞ്ഞ പ്രവാസിയാണോ? പ്രയാസമില്ലാതെ ഇനിയും തുടരാം
text_fieldsകുവൈത്ത് സിറ്റി: അറുപത് വയസ്സ് കഴിഞ്ഞാലും പ്രവാസികൾക്ക് ഇനി വലിയ പ്രയാസമില്ലാതെ കുവൈത്തിൽ തുടരാം. രാജ്യത്ത് അറുപത് വയസ്സ് കഴിഞ്ഞവർക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇനി 60 വയസ്സ് പിന്നിട്ട പ്രവാസി തൊഴിലാളികൾക്ക് അധിക ഫീസ് നൽകാതെ വർക്ക് പെർമിറ്റ് പുതുക്കാനും മറ്റൊരു തൊഴിലുടമക്ക് കീഴിൽ ജോലി മാറാനും കഴിയും.
നേരത്തേ ബിരുദമില്ലാത്ത ഇത്തരക്കാർക്ക് വർഷവും വിസ പുതുക്കുന്നതിനും ആരോഗ്യ ഇൻഷുറൻസും മറ്റ് ഫീസുകളും അടക്കം 1000 ദീനാറിൽ കൂടുതൽ െചലവായിരുന്നു. ഇതോടെ ഇഖാമ പുതുക്കാതെ മിക്കവരും രാജ്യം വിട്ടിരുന്നു. പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ള വിവിധ മേഖലകളിലെ ആയിരക്കണക്കിന് തൊഴിലാളികൾ രാജ്യം വിടുന്നത് പ്രാദേശിക തൊഴില്‍ വിപണിയെ ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
തൊഴിൽ വിപണിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഇത് മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസകരമാകും. യൂനിവേഴ്സിറ്റി ബിരുദമില്ലാത്ത അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികളായ തൊഴിലാളികൾക്ക് റെസിഡൻസി പുതുക്കുന്നതിൽ 2021 ജനുവരിയിലാണ് നിബന്ധനകൾ കൊണ്ടുവന്നത്. ഇതിലാണ് ഇപ്പോൾ മാറ്റംവരുത്തിയത്.
ഇതുസംബന്ധിച്ച നിർദേശം ബന്ധപ്പെട്ടവർ നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തേ അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള സർക്കാർ ജീവനക്കാർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും സ്വകാര്യ മേഖലയിലേക്ക് മാറാനുള്ള അവസരവും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.