ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ആവശ്യകത ഉണർത്തി ആഭ്യന്തര മന്ത്രി
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്നിനെ ചെറുക്കുന്നതിനും ഇരകളുടെ ചികിത്സയും പുനരധിവാസവും ലക്ഷ്യമിട്ടുമുള്ള ദേശീയ കാമ്പയിന് തുടക്കം. ഇതുസംബന്ധിച്ച സുപ്രീം കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അഹ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. ദേശീയ കാമ്പയിനിന്റെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും ശൈഖ് തലാൽ യോഗത്തിൽ അവതരിപ്പിച്ചു. മയക്കുമരുന്നുകളുടെ അപകടം, പാർശ്വഫലങ്ങൾ എന്നിവയെ കുറിച്ച ബോധവത്കരണം, ലഹരി വസ്തുക്കൾക്കെതിരായ പ്രതിരോധവും ഉന്മൂലനവും, ലഹരി അടിമകളായവർക്കുള്ള ചികിത്സ, പുനരധിവാസം എന്നീ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രവർത്തനമെന്ന് മന്ത്രി വ്യക്തമാക്കി.
കുവൈത്തിനും ഗൾഫ് മേഖലക്ക് ആകമാനവും ഭീഷണിയായ ലഹരിയെന്ന വിനാശകരമായ അപകടത്തെ ചെറുക്കാനുള്ള എല്ലാ ശ്രമങ്ങളിലും സഹകരണം പ്രധാനമാണ്. കുട്ടികളെയും യുവാക്കളെയും ദ്രോഹിക്കാനും അവരുടെ ഭാവി കൊള്ളയടിക്കാനും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിനും ലഹരിയുടെ വ്യാപനം ഇല്ലാതാക്കുന്നതിനും കാലാനുസൃതമായ തുടർനടപടികൾ ഉറപ്പാക്കാനും നിരന്തരമായ പ്രവർത്തനത്തിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. മയക്കുമരുന്നിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി മികച്ച സ്പെഷലിസ്റ്റുകളുടെ പങ്കാളിത്തത്തോടെ പുനരധിവാസ കേന്ദ്രം വേഗത്തിൽ സ്ഥാപിക്കാനും മന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.