കല ട്രസ്റ്റ് പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക്
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്തിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കല ട്രസ്റ്റ് പുരസ്കാരത്തിന് പ്രമുഖ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ അർഹനായി. സംഗീതസംവിധായകൻ, പിന്നണി ഗായകൻ എന്നീ നിലകളിൽ മലയാള സംഗീതശാഖക്ക് നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹം പുരസ്കാരത്തിന് അർഹനായതെന്ന് കല ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
കേരളത്തിലെ കലാസാംസ്കാരിക-സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിന് 2000 മുതൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് കുവൈത്ത് കല ട്രസ്റ്റ് പുരസ്കാരം. ഒ.എൻ.വി. കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവർമ, കെടാമംഗലം സദാനന്ദൻ, കെ.പി.എ.സി സുലോചന, നിലമ്പൂർ ആയിഷ, കെ.പി. മേദിനി, സാറ ജോസഫ്, കെ.പി. കുഞ്ഞുമുഹമ്മദ്, അനിൽ നാഗേന്ദ്രൻ, ശ്രീകുമാരൻ തമ്പി, പാലൊളി മുഹമ്മദ് കുട്ടി, ഏഴാച്ചേരി രാമചന്ദ്രൻ, എം.കെ. സാനു, മുരുകൻ കാട്ടാക്കട, അശോകൻ ചരുവിൽ ഉൾപ്പെടെയുള്ള നിരവധി പേർക്കാണ് മുൻ വർഷങ്ങളിൽ കല ട്രസ്റ്റ് അവാർഡുകൾ ലഭിച്ചിട്ടുള്ളത്.
പുരസ്കാര വിതരണവും കല ട്രസ്റ്റ് എല്ലാ വർഷവും നൽകി വരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും ആഗസ്റ്റ് 13ന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. കല ട്രസ്റ്റ് ചെയർമാൻ എ.കെ. ബാലൻ, ട്രസ്റ്റ് ഭാരവാഹികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് കല കുവൈത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.