ആര്യാടൻ മുഹമ്മദിന്റെ നിര്യാണം മതനിരപേക്ഷ സമൂഹത്തിന് തീരാനഷ്ടം - ഒ.ഐ.സി.സി
text_fieldsകുവൈത്ത് സിറ്റി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിര്യാണം മതനിരപേക്ഷ സമൂഹത്തിന് തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി കുവൈത്ത് അനുശോചന യോഗം അഭിപ്രായപ്പെട്ടു. ആക്ടിങ് പ്രസിഡന്റ് സാമുവേൽ ചാക്കോ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡൻറ് കൃഷ്ണൻ കടലുണ്ടി അനുശോചനപ്രമേയം അവതരിപ്പിച്ചു. മതനിരപേക്ഷതക്ക് ഏറ്റവും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ആര്യാടൻ മുഹമ്മദിന്റെ വിയോഗം മൂലമുണ്ടാവുന്ന പ്രതിസന്ധി വലുതാണെന്ന് പ്രമേയം ചൂണ്ടിക്കാണിച്ചു. ഉറച്ച അഭിപ്രായങ്ങളും അതിവിടെയും ഉന്നയിക്കാനുള്ള ആർജവവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പരന്ന വായനയും അതുവഴി ആർജിച്ചെടുത്ത അറിവും കേരള രാഷ്ട്രീയ മണ്ഡലത്തിൽ ആര്യാടൻ മുഹമ്മദിന് പ്രഥമഗണനീയ സ്ഥാനം നേടിക്കൊടുത്തു. അതുകൊണ്ടാണ് നിലമ്പൂരുകാരുടെ 'കുഞ്ഞാക്ക'ക്ക് എട്ട് തവണ തുടർച്ചയായി നിയമസഭയിലെത്താൻ സാധ്യമായതെന്നും അനുശോചന സന്ദേശം വ്യക്തമാക്കി.
ആദരസൂചകമായി ആര്യാടൻ മുഹമ്മദിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. നാഷനൽ കമ്മിറ്റി ഭാരവാഹികളും ജില്ല നേതാക്കളും സംസാരിച്ചു. ട്രഷറർ രാജീവ് നടുവിലെമുറി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.