ഏഷ്യകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ഏഷ്യകപ്പ് ക്രിക്കറ്റ് യോഗ്യത റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് ഒമാനിൽ തുടക്കമാകുമ്പോൾ ആത്മവിശ്വാസത്തിൽ കുവൈത്ത്. യോഗ്യത റൗണ്ടിൽ മികച്ച പ്രകടനം കെട്ടഴിച്ച് ഏഷ്യകപ്പിൽ പ്രവേശനം നേടാമെന്ന പ്രതീക്ഷയിലാണ് ടീം. യോഗ്യത മത്സരത്തിന് മുന്നോടിയായി ബഹ്റൈനുമായി നടന്ന സൗഹൃദ മത്സരത്തിൽ കുവൈത്ത് ഉജ്ജ്വല വിജയം നേടി.
ബഹ്റൈനുമായുള്ള അഞ്ച് ട്വന്റി20 മത്സരങ്ങളിൽ നാലിലും കുവൈത്തിന് വിജയിക്കാനായി. സൂപ്പർ ഓവറിലേക്ക് പോയത് കൊണ്ടുമാത്രമാണ് ആഗസ്റ്റ് 11ന് നടന്ന ആദ്യ മത്സരം കുവൈത്തിന് കൈവിട്ടത്. എന്നാൽ പിന്നീട് നടന്ന നാലുമത്സരങ്ങളിലും കുവൈത്ത് എതിരാളികളെ മുട്ടുകുത്തിച്ചു.
ബാറ്റിങ്ങിലും ബൗളിങ്ങിലും മികവാർന്ന പ്രകടനമാണ് ടീം പുറത്തെടുത്തത്. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കുവൈത്ത് 209 റൺസെന്ന കൂറ്റൻ സ്കോറിലെത്തി. തുടർന്ന് ബാറ്റ് ചെയ്ത എതിരാളികൾക്ക് 189 റൺസിലെത്താനേ കഴിഞ്ഞുള്ളൂ.
മൂന്ന്, നാല് മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത ബഹ്റൈനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയ കുവൈത്ത് അതിവേഗത്തിൽ ലക്ഷ്യം കണ്ടു. ബുധനാഴ്ച നടന്ന അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 186 റൺസ് സ്കോർചെയ്ത കുവൈത്ത് എതിരാളികളെ 84ൽ ഒതുക്കി.
കുവൈത്തിനായി ടീമിലുള്ള മലയാളികളായ മുഹമ്മദ് റഫീഖ്, എഡിസൺ ഡിസിൽവ, ഷിറാസ് ഖാൻ മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടു മത്സരങ്ങളിൽ മുഹമ്മദ് റഫീഖ്, എഡിസൺ ഡിസിൽവ എന്നിവർ മാൻ ഓഫ് ദി മാച്ചായി. ഇവർക്കൊപ്പം ഷിറാസ് ഖാനും ടീം വിജയത്തിൽ പങ്കാളിയായി.
ശനിയാഴ്ച ആരംഭിക്കുന്ന ഏഷ്യ കപ്പ് യോഗ്യത റൗണ്ടിൽ യു.എ.ഇ, സിംഗപ്പൂർ, ഹോങ്കോങ് എന്നിവരുൾപ്പെട്ട ഗ്രൂപ്പിലാണ് കുവൈത്ത്. ഇവർ പരസ്പരം ഏറ്റുമുട്ടി മികച്ച ഒരു ടീമാകും ഏഷ്യകപ്പിന് യോഗ്യത നേടുക. 21 ന് യു.എ.ഇ യുമായാണ് കുവൈത്തിന്റെ ആദ്യ മത്സരം. 23ന് കുവൈത്ത് ഹോങ്കോങ്ങിനെ നേരിടും. 24ന് സിംഗപ്പൂരുമായാണ് ഗ്രൂപ്പിലെ അവസാന മത്സരം. ഒമാനിലെ അൽ അമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
ഏഷ്യകപ്പിൽ കളിക്കുക എന്ന സ്വപ്നസാക്ഷാത്കാരവുമായാണ് കുവൈത്ത് ടീം ഒമാനിലെത്തിയത്. യോഗ്യത മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ അത് ചരിത്രമാകും.
മുഹമ്മദ് അസ്ലമാണ് ടീം ക്യാപ്റ്റൻ. ശ്രീലങ്കയുടെ മുൻതാരം മുത്തുമലിംഗ പുഷ്പകുമാരയാണ് കോച്ച്. ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ദുബൈയിലാണ് ഏഷ്യകപ്പ് മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.