ഏഷ്യ കപ്പ് യോഗ്യത മത്സരം: കുവൈത്ത് മടങ്ങിയത് തലയെടുപ്പോടെ
text_fieldsകുവൈത്ത് സിറ്റി: ഒമാനിൽനിന്ന് ഏഷ്യ കപ്പിലേക്ക് പ്രവേശനം നേടുന്ന ടീമാകാനായില്ലെങ്കിലും യോഗ്യത മത്സരങ്ങളിൽ കുവൈത്ത് പുറത്തെടുത്തത് മികച്ച പ്രകടനം.
മൂന്നു മത്സരങ്ങളിൽ രണ്ടും വിജയിച്ച കുവൈത്തിന് ഹോങ്കോങ്ങിനോട് മാത്രമാണ് തോൽവി വഴങ്ങേണ്ടി വന്നത്. ഹോങ്കോങ്ങുമായുള്ള അവസാന മത്സരത്തിൽ യു.എ.ഇ വിജയിച്ചിരുന്നുവെങ്കിൽ കുവൈത്തിന് യോഗ്യത നേടാൻ അവസരവും ഉണ്ടായിരുന്നു. എന്നാൽ, എല്ലാ മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ചവെച്ച ഹോങ്കോങ് ഏഷ്യ കപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു.
ശനിയാഴ്ച യു.എ.ഇയിൽ എഷ്യ കപ്പ് മത്സരങ്ങൾക്ക് തുടക്കമാകും. യോഗ്യത നേടാനായില്ലെങ്കിലും അഭിമാനത്തോടെതന്നെയാണ് ഒമാനിൽനിന്ന് കുവൈത്തിന്റെ മടക്കം. നാലു ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ യോഗ്യത റൗണ്ടിൽ രണ്ടാം സ്ഥാനത്തെത്താനും കുവൈത്തിന് കഴിഞ്ഞു.
ഐ.സി.സി റാങ്കിങ്ങിൽ തങ്ങളെക്കാൾ മുകളിലുള്ള മികച്ച ടീമുകളുമായി മികവാർന്ന കളി പുറത്തെടുക്കാനായി എന്നത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.
റാങ്കിങ്ങിൽ 12ാം സ്ഥാനത്തും ഏറെ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച് പരിചയവുമുള്ള യു.എ.ഇയെ തോൽപിക്കാനായത് വലിയ നേട്ടമായി കുവൈത്ത് ക്രിക്കറ്റ് ടീമും ആരാധകരും കാണുന്നു. 26ാം സ്ഥാനത്തുള്ള സിംഗപ്പൂരിനെയും കുവൈത്തിന് മറികടക്കാനായി. 23ാം സ്ഥാനത്തുള്ള ഹോങ്കോങ് മാത്രമാണ് കുവൈത്തിന് തടസ്സം നിന്നത്. ലോക റാങ്കിങ്ങിൽ 27 ആണ് കുവൈത്തിന്റെ സ്ഥാനം. കുവൈത്ത് താരങ്ങൾ വ്യാഴാഴ്ച നാട്ടിൽ തിരിച്ചെത്തി.
താരമായത് മലയാളികൾ
കുവൈത്ത് ദേശീയ ടീമിന്റെ ഭാഗമായ മലയാളികൾ ഇത്തവണയും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. നിർണായക ഘട്ടത്തിൽ കുവൈത്തിന്റെ നട്ടെല്ലായതും വിജയത്തിലേക്ക് നയിച്ചതിലും മലയാളികളാണ്. യു.എ.ഇയുമായുള്ള ആദ്യ കളിയിൽ 173 റൺസ് പിന്തുടർന്ന കുവൈത്ത് പതറിപ്പോയ ഘട്ടത്തിൽ എഡിസൺ ഡി സിൽവ 14 പന്തിൽ നേടിയ 25 റൺസാണ് കുവൈത്തിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. ഒരു പന്ത് ശേഷിക്കേ ഫോറടിച്ച് കളി വിജയിപ്പിച്ചതും മലയാളിയായ മുഹമ്മദ് ഷഫീഖാണ്. ഈ മത്സരത്തിൽ മുഹമ്മദ് ഷഫീഖ്, ഷിറാസ് ഖാൻ, എഡിസൺ ഡി സിൽവ എന്നിവർ ഒരോ വിക്കറ്റുകളും നേടുകയുണ്ടായി. കുവൈത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച എഡിസൺ ഡി സിൽവ കളിയിലെ താരവുമായി.
ഹോങ്കോങ്ങുമായുള്ള രണ്ടാം മത്സരത്തിൽ കുവൈത്ത് ബാറ്റിങ് തകർച്ച നേരിട്ടപ്പോൾ എഡിസൺ ഡി സിൽവ നേരിട അർധശതകമാണ് ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്. 30 പന്തിൽനിന്ന് 56 റൺസ് നേടി എഡിസൺ പൊരുതിയെങ്കിലും കുവൈത്തിന് വൻ സ്കോറിൽ എത്താനായില്ല. എഡിസണ് പറ്റിയ പങ്കാളി ഇല്ലാതെ പോയതാണ് ഈ മത്സരത്തിൽ കുവൈത്തിന്റെ തോൽവിക്ക് പ്രധാന കാരണം.
നിർണായകമായിരുന്ന അവസാന മത്സരത്തിൽ സിംഗപ്പൂരിനെ 104 റൺസിൽ ഒതുക്കിയതിലും മലയാളി മികവുണ്ട്. ഷിറാസ് ഖാന്റെ മൂന്നു വിക്കറ്റ് നേട്ടം ഇതിൽ നിർണായകമാണ്. നാല് ഓവർ ബൗൾ ചെയ്തതിൽ 18 റൺസ് മാത്രമാണ് ഷിറാസ് ഖാൻ വിട്ടുകൊടുത്തത്. ഗുജറാത്ത് സ്വദേശിയായ കുവൈത്തിന്റെ യാസിൻ പട്ടേൽ ഈ മത്സരത്തിൽ നാലു വിക്കറ്റുകളും വീഴ്ത്തി. കൊല്ലം പള്ളിമുക്ക് സ്വദേശിയാണ് ഷിറാസ് ഖാൻ, തിരുവനന്തപുരം തുമ്പ സ്വദേശിയാണ് എഡിസൺ ഡിസിൽവ, മലപ്പുറം തിരൂർ സ്വദേശിയാണ് മുഹമ്മദ് ഷഫീഖ്. ഇവർ ഉൾപ്പെടെ ഏഴ് ഇന്ത്യക്കാർ കുവൈത്ത് ടീമിൽ ഇടം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.