ഏഷ്യൻ ഗെയിംസ്: കുവൈത്ത് താരങ്ങൾക്ക് അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: ചൈനയിൽ നടന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുവൈത്ത് താരങ്ങൾക്ക് മന്ത്രിസഭയുടെ പ്രശംസ. വിവിധ കായിക ഇനങ്ങളിൽ മെഡലുകൾ നേടിയ ശ്രദ്ധേയമായ പ്രകടനത്തിന് തങ്ങളുടെ അത്ലറ്റുകളെ പ്രശംസിച്ച മന്ത്രിമാർ, അവരുടെ നേട്ടങ്ങൾ കുവൈത്ത് അത്ലറ്റുകളുടെ കഴിവുകളുടെ തെളിവാണെന്ന് വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണം, നാല് വെള്ളി, നാല് വെങ്കലം എന്നിങ്ങനെ കുവൈത്ത് താരങ്ങൾ 11 മെഡലുകൾ നേടിയിരുന്നു.
ഏഷ്യൻ ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിൽ ചൈനയെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും മന്ത്രിസഭ അഭിനന്ദിച്ചു. തടസ്സരഹിതവും സുഗമവുമായ രീതിയിൽ ഗെയിംസ് അവസാനിച്ചെന്നും സൂചിപ്പിച്ചു.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും ചൈനയെയും പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും അഭിനന്ദിച്ചു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് അഭിനന്ദന സന്ദേശം അയച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, സ്പീക്കർ അഹ്മദ് അൽ സദൂൻ എന്നിവരും അഭിനന്ദന സന്ദേശം അയച്ചു. അതിനിടെ, ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച കരാട്ടെ ടീമിന് ചൊവ്വാഴ്ച കുവൈത്തിൽ സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.