മന്ത്രിമാർ പങ്കെടുത്തില്ല; ദേശീയ അസംബ്ലി സമ്മേളനം മാറ്റി
text_fieldsകുവൈത്ത് സിറ്റി: ക്വാറം തികയാത്തതിനാലും സർക്കാർ പ്രതിനിധികൾ ഹാജരാകാത്തതിനാലും ചൊവ്വാഴ്ച വിളിച്ചുചേർത്ത ദേശീയ അസംബ്ലി സമ്മേളനം മാറ്റി. ഇനി പെരുന്നാളിന് ശേഷമാകും സഭ സമ്മേളിക്കുക എന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു. പാർലമെന്റ് നിയമ പ്രകാരം ദേശീയ അസംബ്ലി സമ്മേളനത്തില്‍ മന്ത്രിസഭ പ്രതിനിധികള്‍ പങ്കെടുക്കണം.
എന്നാല്‍, സര്‍ക്കാര്‍ ഭാഗത്തുനിന്ന് ആരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ സമ്മേളനം മാറ്റിവെച്ചതായി സ്പീക്കർ അറിയിക്കുകയായിരുന്നു. സർക്കാറിന്റെ രാജിപ്രഖ്യാപനം വന്നതിനുശേഷം ഇത് നാലാം തവണയാണ് ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെക്കുന്നത്.
ജനുവരി 25ലെ പതിവ് സമ്മേളനത്തിൽ പ്രധാനമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. തുടർന്ന് ഫെബ്രുവരി ഏഴ്, എട്ട് തീയതികളിലേക്ക് സമ്മേളനം മാറ്റിവെച്ചു. അന്നും സർക്കാർ പ്രതിനിധികൾ സഭയിൽ എത്താത്തതിനാൽ 21, 22 തീയതികളിലേക്കും മാറ്റുകയുണ്ടായി. ഇതിനിടെ 2022 ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഭരണഘടനകോടതി റദ്ദാക്കുകയും 2020ലെ പാർലമെന്റ് പുനഃസ്ഥാപിക്കുകയും ചെയ്തു.
ഇതോടെ പാർലമെന്റിൽ പഴയ എം.പിമാരും സ്പീക്കറും തിരികെ എത്തി. ഇതിനുശേഷം വിളിച്ച ആദ്യ സമ്മേളനമായിരുന്നു ചൊവ്വാഴ്ച. അതേസമയം, പുതിയ മന്ത്രിസഭ രൂപവത്കരണം പൂർത്തിയായിട്ടില്ല. പുതിയ സർക്കാർ രൂപവത്കരണം വരെ ദേശീയ അസംബ്ലി സമ്മേളനം തടസ്സപ്പെടാനാണ് സാധ്യത.
രാജി സ്വീകരിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിലവിലെ സർക്കാറിനോട് താൽക്കാലിക ചുമതല തുടരാൻ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് മന്ത്രിസഭ ഇപ്പോൾ മുന്നോട്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.