വിമാനത്താവളം അടക്കൽ: ആശങ്കയിൽ കുവൈത്തിലെ പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജനുവരി ഒന്നുവരെ അടച്ചിടാനുള്ള തീരുമാനം പ്രവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നു. തീരുമാനം നീണ്ടുപോവുമോ എന്നതാണ് ആശങ്കയുടെ അടിസ്ഥാനം.
സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കുവൈത്ത് സർക്കാർ വക്താവ് താരിഖ് അൽ മസ്റം വ്യക്തമാക്കിയത്. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിെൻറ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനത്താവളവും കര, കടൽ അതിർത്തികളും അടക്കാൻ തീരുമാനിച്ചത്. ഒമാനും സൗദിയും കടുത്ത നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. മറ്റു രാജ്യങ്ങളും സമാന നടപടികളിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. അവധിക്ക് നാട്ടിൽ പോയ ആയിരക്കണക്കിന് പ്രവാസികളും വിവിധ അത്യാവശ്യങ്ങൾക്ക് ഉൾപ്പെടെ നാട്ടിൽ പോവാനിരുന്നവരുമാണ് പ്രയാസത്തിലായത്.
ഒന്നാം കോവിഡ് വ്യാപനത്തിെൻറ ആഘാതം ഏറെ അനുഭവിച്ച പ്രവാസികൾക്ക് ഒരു രണ്ടാം വരവ് കൂടി താങ്ങാൻ കഴിയില്ല. വ്യാപാര സ്ഥാപനങ്ങളും തൊഴിൽ മേഖലയും ഒരുവിധം കരകയറി വരുന്നതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ.
അതിർത്തികൾ ഭദ്രമാക്കി വൈറസ് രാജ്യത്തെത്തുന്നതിന് തടയിടാനുള്ള ജാഗ്രതയിലാണ് അധികൃതർ. ദക്ഷിണ ബ്രിട്ടനിലാണ് വൈറസിെൻറ പുതിയ വകഭേദം കണ്ടെത്തിയത്. അവിടെ പ്രതിദിന കോവിഡ് കണക്കുകളും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. കോവിഡ് വ്യാപനം തടയാൻ ലണ്ടനിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രൂപാന്തരം പ്രാപിച്ച പുതിയ കൊറോണ വൈറസ് അതിവേഗം പടരുന്നതാണെന്നാണ് റിപ്പോർട്ടുകൾ.
യൂറോപ്പിൽനിന്നെത്തിയവർ പി.സി.ആർ പരിശോധന നടത്തണം
കുവൈത്ത് സിറ്റി: കഴിഞ്ഞ പത്തുദിവസത്തിനിടെ ബ്രിട്ടൻ, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് കുവൈത്തിലെത്തിയവർ പി.സി.ആർ പരിശോധനക്കു വിധേയരാവണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഡിസംബർ 11 മുതൽ 21 വരെ കാലയളവിൽ കുവൈത്തിലെത്തിയവരാണ് പരിശോധന നടത്തേണ്ടത്. കുവൈത്തിലെത്തിയ തീയതി മുതൽ അഞ്ചുദിവസത്തിനകം പരിശോധനക്ക് ഹാജരാകണമെന്നാണ് നിർദേശം. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ശൈഖ് ജാബിർ ആശുപത്രിയിൽ പരിശോധന നടത്താം. രാമുൻകരുതൽ നടപടികളുടെ ഭാഗമായാണ് നിർദേശം.
കാർഗോ വിമാനങ്ങൾക്ക് വിലക്കില്ല
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം വഴിയുള്ള കാർഗോ വിമാനങ്ങൾക്ക് വിലക്കില്ല. തുറമുഖത്തെ ഷിപ്പിങ്ങിനും വിലക്ക് ബാധകമാവില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അവശ്യ സാധനങ്ങൾക്ക് ക്ഷാമമോ വിലക്കയറ്റമോ ഉണ്ടാവുമെന്ന ആശങ്കക്ക് ഇപ്പോൾ അടിസ്ഥാനമില്ല.
രാജ്യത്തിനകത്തുള്ള ജനങ്ങൾ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ല. വൈറസ് വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.