പ്രവാസിയെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമം; മുൻ ഭാര്യ അടക്കം ഒമ്പതു പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസിൽ പ്രവാസിയെ കുടുക്കിയ സംഭവത്തിൽ ഒമ്പതു പേർ പിടിയിൽ. പ്രവാസിയുടെ മുൻ ഭാര്യ, ഒരു ഉദ്യോഗസ്ഥൻ, ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള ഒമ്പതു പേരാണ് പിടിയിലായത്. ഇവർ നടത്തിയ ഗൂഢാലോചനയിൽ പ്രവാസി അകാരണമായി അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.
സ്ത്രീ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തി മുൻ ഭർത്താവിന്റെ വാഹനത്തിൽ മയക്കുമരുന്ന് വെക്കുകയായിരുന്നു. തുടർന്ന് വാഹനത്തിൽനിന്ന് മയക്കുമരുന്നുമായി പൊലീസ് പട്രോളിങ് യൂനിറ്റ് മുൻ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. കൂടുതൽ നടപടികൾക്കായി അയാളെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിലേക്ക് മാറ്റി.
എന്നാൽ, സംശയാസ്പദമായ രീതിയിലുള്ള അറസ്റ്റിനെ തുടർന്ന് വിശദമായ അന്വേഷണം നടത്താൻ വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. ഇതാണ് ഗൂഢാലോചനയുടെ ചുരുളഴിച്ചത്. വാഹനത്തിൽ കണ്ടെത്തിയ മയക്കുമരുന്ന് രഹസ്യമായി വെച്ചതാണെന്ന് ആന്റി നാർകോട്ടിക് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് അറസ്റ്റ് ചെയ്ത പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികളെ തുടർ നിയമനടപടികൾക്കും അന്വേഷണം പൂർത്തിയാക്കുന്നതിനുമായി പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറി. ആരും നിയമത്തിന് അതീതരല്ലെന്നും കുറ്റകൃത്യങ്ങളെ കർശനമായി നേരിടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.