റെയിൽവേ ലിങ്ക് പ്രോജക്ടിന് ഓഡിറ്റ് ബ്യൂറോ അനുമതി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ വികസന കുതിപ്പിന് വേഗം പകരുമെന്ന പ്രതീക്ഷകളുമായി അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി പുരോഗമിക്കുന്നു. കുവൈത്ത്-സൗദി റെയിൽവേ ലിങ്ക് പ്രോജക്ടിനായി കൺസൾട്ടിങ് സേവനങ്ങൾക്ക് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ അനുമതി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. റിയാദിനും കുവൈത്ത് സിറ്റിക്കും ഇടയില്‍ അതിവേഗ റെയില്‍വേ ഗതാഗതം ലഭ്യമാക്കുകയാണ് നിര്‍ദിഷ്ട പദ്ധതി. പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക, സാങ്കേതിക സാധ്യത പഠനങ്ങൾക്കും ഓഡിറ്റ് ബ്യൂറോ അനുമതി നല്കി.
നേരത്തെ പൊതുമരാമത്ത് മന്ത്രാലയം കരാർ രേഖകൾ പൂർത്തിയാക്കി ഓഡിറ്റ് ബ്യൂറോയുടെ അംഗീകാരത്തിന് സമർപ്പിച്ചിരുന്നു. പദ്ധതിക്ക് ആവശ്യമായ സാധ്യതാ പഠനം നടത്താൻ ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെ തിരഞ്ഞെടുത്തിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ സിസ്ട്ര സാധ്യതാപഠനം പൂര്‍ത്തിയാക്കും. ഗൾഫ് മേഖലയെ ആകെ ബന്ധിപ്പിക്കുന്ന വാണിജ്യ, പാസഞ്ചർ ട്രെയിൻ സർവിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് പദ്ധതി.
2023 ജൂണിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായുള്ള റെയിൽവേ കരാറിന് കുവൈത്ത് അമീര്‍ ഔദ്യോഗികമായി അംഗീകാരം നല്‍കിയിരുന്നു. സെപ്റ്റംബർ 26ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന് പച്ചക്കൊടി കാട്ടിയതോടെ പദ്ധതിക്ക് വേഗത വർധിച്ചു. 32.70 ലക്ഷം ദീനാറാണ് സാധ്യതാപഠനത്തിന്റെ ഏകദേശ ചെലവ്. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്തെ അടിസ്ഥാന വികസന മേഖലയില്‍ വലിയ കുതിപ്പുണ്ടാവുകയും ചരക്ക്-ഗതാഗത മേഖലകളില്‍ വന്‍ മുന്നേറ്റത്തിന് കളമൊരുങ്ങുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.