ജീവൻരക്ഷാമരുന്ന് ലഭ്യത ഉറപ്പാക്കും -ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ജീവൻരക്ഷാമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. കോവിഡ് മഹാമാരിയെ തുടർന്ന് ആഗോളതലത്തിലുണ്ടായ മരുന്നുക്ഷാമം നേരിടാനായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നതായും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അർബുദ രോഗചികിത്സക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ ക്ഷാമം രാജ്യത്ത് രൂക്ഷമായതായും ബദൽ മരുന്നുകൾ ഉപയോഗിക്കാനുള്ള പ്രോട്ടോക്കോൾ സംബന്ധിച്ച് ഓങ്കോളജിസ്റ്റുകൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയത്. മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായും അധികൃതർ വ്യക്തമാക്കി.
കുവൈത്തിനെ സംബന്ധിച്ച് വിവിധ ഔഷധങ്ങളുടെയും മെഡിക്കൽ ഉൽപന്നങ്ങളുടെയും തന്ത്രപ്രധാന ശേഖരം സുരക്ഷിതമാണ്. രാജ്യത്തെ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും അവരുടെ ആവശ്യത്തിനുള്ള മരുന്നുകൾ ഉറപ്പാക്കുന്നുണ്ട്. ഏതെങ്കിലും മരുന്ന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ അതിന് കൃത്യമായ ബദൽ മരുന്ന് നൽകാൻ മന്ത്രാലയത്തിന് കൃത്യമായ പ്രോട്ടോക്കോൾ നിലവിലുണ്ട്. ആഗോളതലത്തിൽ ക്ഷാമം അനുഭവപ്പെടുന്ന എല്ലാ മരുന്നുകൾക്കും അതേ രാസഘടകങ്ങൾ അടങ്ങിയ ബദലുകൾ ലഭ്യമാണെന്നും പ്രാദേശികമായി ലഭ്യമല്ലാത്ത മരുന്നുകൾ വിദേശരാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളുമായി കൈകോർത്തുകൊണ്ട് വേഗത്തിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് മഹാമാരിക്കുശേഷം ചില മരുന്നുകമ്പനികൾ ഉൽപാദനം മതിയാക്കുകയും ഫാക്ടറികൾ അടച്ചുപൂട്ടുകയും ചെയ്തത് മരുന്നുലഭ്യത കുറച്ചിട്ടുണ്ട്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ജീവൻരക്ഷാമരുന്നുകൾ മറ്റൊരു രാജ്യത്തേക്ക് കയറ്റി അയക്കുന്നതിന് ചില ഭരണകൂടങ്ങൾ വിലക്ക് ഏർപ്പെടുത്തിയതും ചില ഉൽപാദക രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രതിസന്ധിക്ക് ആക്കംകൂട്ടിയതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.