വ്യോമയാന വികസനം: അന്താരാഷ്ട്ര സംഘടനയുമായി കൈകോർക്കാൻ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനും കുവൈത്ത് വ്യോമയാന വകുപ്പും പരസ്പരം കൈകോർക്കുന്നു. കുവൈത്ത് വ്യോമയാനമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് 8.8 ദശലക്ഷം ഡോളറിന്‍റെ ഉടമ്പടിയിലാണ് ഇരുകൂട്ടരും ഒപ്പുവെക്കാനൊരുങ്ങുന്നത്. കുവൈത്തിലെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട നയങ്ങളുടെയും ക്രമീകരണങ്ങളുടെയും മേൽനോട്ടമുൾപ്പെടെയുള്ള കാര്യങ്ങളിൽ അടുത്ത അഞ്ചുവർഷം ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍റെ സഹായം ഉറപ്പാക്കുന്നതാണ് നിർദിഷ്ട കരാർ. 8.8 ദശലക്ഷം ദീനാറിന്‍റെ ഉടമ്പടി ഈ വർഷംതന്നെ യാഥാർഥ്യമാകുമെന്നാണ് സൂചന.
സുരക്ഷിതവും ചിട്ടയുള്ളതുമായ വികസനം ഉറപ്പാക്കൽ, കൂടുതൽ രാജ്യാന്തര വ്യോമപാതകൾ സ്ഥാപിക്കൽ, വ്യോമയാന ശേഷി വികസിപ്പിക്കൽ തുടങ്ങി നിരവധി ദൗത്യങ്ങളിൽ ഐ.സി.എ.ഒക്ക് പങ്കുവഹിക്കാനുണ്ടെന്ന് വ്യോമയാന വകുപ്പ് വൃത്തങ്ങൾ വെളിപ്പെടുത്തി. അതിനിടെ, വിമാനസർവിസുകളുടെ അടിസ്ഥാനത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനശേഷിയുടെ 60 ശതമാനം കൈവരിച്ചതായും ഈ വേനലിൽ 100 ശതമാനമായി സർവിസുകളുടെ എണ്ണം ഉയർത്തുമെന്നും ഡി.ജി.സി.എ ഡയറക്ടർ ജനറൽ എൻജിനീയർ യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. ഫെഡറേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂറിസം ഓഫിസ് സംഘടിപ്പിച്ച റമദാൻ ഗബ്ഗയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പ്രതിദിനം 500 സർവിസുകൾ ആണ് ക്രമീകരിച്ചിട്ടുള്ളത്. സമ്മർ സീസണ് ആവശ്യമായ തയാറെടുപ്പുകൾക്കായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.