പ്രവാസി ക്വാറന്റീൻ ഒഴിവാക്കുക; ട്വിറ്ററിൽ ഹാഷ് ടാഗ് കാമ്പയിൻ
text_fieldsകുവൈത്ത് സിറ്റി: പ്രവാസി ക്വാറന്റീൻ ഒഴിവാക്കുക (Revoke Pravasi Quarantine) എന്ന ഹാഷ് ടാഗിൽ ട്വിറ്ററിൽ കാമ്പയിൻ. പ്രവാസികളും നാട്ടിലുള്ളവരുമടക്കം കാമ്പയിൻ ഏറ്റെടുത്തതോടെ നൂറുകണക്കിനാളുകളാണ് ട്വിറ്ററിൽ പ്രതിഷേധ പോസ്റ്റ് ഇട്ടിരിക്കുന്നത്. നാട്ടിലെത്തുന്ന പ്രവാസികൾ ഏഴുദിവസം ക്വാറന്റീനിൽ കഴിയണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിർദേശത്തിനെതിരെയാണ് കാമ്പയിനിൽ പ്രതിഷേധമിരമ്പുന്നത്. പ്രവാസികൾക്കായി ക്വാറന്റീൻ നിർദേശം പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ എടപ്പാൾ പാലം ഉദ്ഘാടനത്തിന് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ തന്നെ ആയിരങ്ങൾ തടിച്ചുകൂടിയതോടെയാണ് പ്രവാസികൾ പ്രതിഷേധം കടുപ്പിച്ചത്.
ദിവസവും ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്ന് ലക്ഷക്കണക്കിനാളുകൾ എത്തുന്നുണ്ടെന്നും ഇവരിൽ ഒരു ശതമാനത്തിനുപോലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ലെന്നും അതിന്റെ പേരിൽ എല്ലാവർക്കും ക്വാറന്റീൻ ഏർപെടുത്തുന്നത് നീതീകരിക്കാനാവില്ലെന്നും ട്വിറ്റർ പോസ്റ്റുകളിൽ പറയുന്നു.
കോവിഡ് ആദ്യം പടർന്നുപിടിച്ച സമയത്ത് പ്രവാസികളെ ദ്രോഹിച്ച സർക്കാറുരുകൾ ഒമിക്രോണിന്റെ പേരിലും പ്രവാസി ദ്രോഹ നടപടികൾ തുടരുകയാണെന്ന് ചിലർ കുറ്റപ്പെടുത്തുന്നു. കോവിഡിനെ പ്രതിരോധിക്കാൻ കടുത്ത നടപടികളെടുക്കുന്നു എന്ന് വരുത്തിത്തീർക്കാനാണ് പ്രവാസികളെ ബലിയാടാക്കുന്നത് എന്നാണ് ചില ട്വീറ്റുകളിൽ പറയുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളെ ഒരുപോലെ കുറ്റപ്പെടുത്തിയാണ് ട്വീറ്റുകൾ പറക്കുന്നത്. അതേസമയം, എടപ്പാൾ പാലം ഉദ്ഘാടനത്തിന് ആയിരങ്ങൾ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്താണ് ചിലരുടെ പ്രതിഷേധം. പ്രവാസി ഭാരതീയ ദിവസിന്റെ പ്രത്യേകതയെന്താണെന്നും ഈ ദിവസം പോലും പ്രവാസികളെ ദ്രോഹിക്കുകയാണെന്നും ചില ട്വീറ്റുകളിലുണ്ട്. വിഡിയോകളും ആനിമേഷനും കാർട്ടൂണുകളും പങ്കുവെച്ചും പ്രതിഷേധിക്കുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്ര ആരോഗ്യ മന്ത്രാലയം, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവരെ ടാഗ് ചെയ്താണ് കാമ്പയിൻ നടക്കുന്നത്. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവർക്ക് ഏഴുദിവസമാണ് ക്വാറന്റീൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഏഴുദിവസത്തിന് ശേഷം ടെസ്റ്റ് നടത്തി ഏഴു ദിവസം കൂടി സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും സർക്കാർ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.