ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ
text_fieldsകുവൈത്ത് സിറ്റി: ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ സ്മരണ പുതുക്കി ഇസ്ലാംമത വിശ്വാസികൾ ബുധനാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും. പെരുന്നാൾ നമസ്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും സജ്ജമായിട്ടുണ്ട്. രാവിലെ 5.06നാണ് പെരുന്നാൾ നമസ്കാരം.
സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾ ബലിപെരുന്നാൾ ആഘോഷത്തിന്റെ ആഹ്ലാദത്തിലാണ്. ഹജ്ജ്കർമങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച അറഫ നോമ്പ് പൂർത്തിയാക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്.
പെരുന്നാളിന് ബലികർമത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ചില മലയാളി സംഘടനകൾ പണം സ്വരൂപിച്ച് കേരളത്തിലും ഉത്തരേന്ത്യയിലും ബലികർമം നടത്താൻ അയച്ചുകൊടുത്തിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ ജൂലൈ മൂന്നുവരെ രാജ്യത്ത് പെരുന്നാൾ അവധിയാണ്. അതിനാൽ ഈ ആഴ്ച ആഘോഷങ്ങളുടേതാകും.
അതേസമയം, രാജ്യത്ത് അനുഭവപ്പെടുന്ന കനത്ത ചൂട് ആഘോഷങ്ങളുടെ മാറ്റു കുറക്കും. സ്കൂൾ അവധിക്കാലം ആയതിനാൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളിൽ ഒരുവിഭാഗം കുടുംബങ്ങൾ നാട്ടിലാണ്. ഇവർ വ്യാഴാഴ്ച നാട്ടിൽ പെരുന്നാൾ ആഘോഷിക്കും. ചുരുക്കം മലയാളി കൂട്ടായ്മകൾ പെരുന്നാളിന് കലാ സാംസ്കാരിക പരിപാടികളും പിക്നികും ആസൂത്രണം ചെയ്തിട്ടുണ്ട്. പെരുന്നാളിന്റെ ഭാഗമായി ചൊവ്വാഴ്ച വ്യാപാര സ്ഥാപനങ്ങളിലും റോഡുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.
ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണം
കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച് അനധികൃതമായി അറവ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനെതിരെ മുന്നറിയിപ്പ്. വീടിന് മുന്നിലും റോഡരികിലും താല്‍ക്കാലികമായി സജ്ജീകരിക്കുന്ന ഷെഡുകളിലും അറുക്കുന്നത് നിയമവിരുദ്ധമാണ്. അനധികൃതമായി അറവുനടത്തുന്നവരെ അറസ്റ്റ് ചെയ്യും.
പിഴയും ചുമത്തും. കൃത്യമായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ച് അംഗീകൃതമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ അറവിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയാണ് കര്‍ശനമായ നടപടിക്ക് കാരണം.
പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്റെ അനുമതിയോടെ മാത്രമാണ് അറവു ശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഈദ് അവധി ദിനങ്ങളില്‍ മുനിസിപ്പാലിറ്റി പ്രത്യേക ശുചീകരണ തൊഴിലാളികളെ നിയിമിച്ചിട്ടുണ്ട്.
തടവുകാരെ മോചിപ്പിക്കും
കുവൈത്ത് സിറ്റി: അച്ചടക്കത്തിന്റെ അടിസ്ഥാനത്തിൽ, തടവിലാക്കിയ സൈനികരെ മോചിപ്പിക്കാൻ നാഷനൽ ഗാർഡ് അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹാഷിം അൽ റിഫായി തീരുമാനം പുറപ്പെടുവിച്ചു. നിസ്സാര കുറ്റത്തിന് തടവിലുള്ളവർക്ക് കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ അവസരം നൽകുന്നതിന്റെ ഭാഗമായാണിത്. കുവൈത്ത് ഭരണ നേതൃത്വം ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടിരുന്നു.
സുരക്ഷ കർശനമാക്കി പൊലീസ്
കുവൈത്ത് സിറ്റി: പെരുന്നാളും അവധിദിനങ്ങളും കണക്കിലെടുത്ത് സുരക്ഷ കർശനമാക്കി പൊലീസ്. കടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് നിരീക്ഷണവും ശക്തമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4000ത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രധാന റോഡുകളിൽ പട്രോളിങ് സംഘം 24 മണിക്കൂറും റോന്തുചുറ്റും.
ഗവർണറേറ്റുകളിലെ എല്ലാ റിങ് റോഡുകളിലും പ്രധാന പാതകളിലും ഹൈവേകളിലും ഇന്റേണൽ റോഡുകളിലും ട്രാഫിക് ഉദ്യോഗസ്ഥർ പൊതുസുരക്ഷ വിഭാഗവുമായി സഹകരിച്ചും ഏകോപിപ്പിച്ചും പ്രവർത്തിക്കും. വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും മറ്റു കച്ചവടകേന്ദ്രങ്ങളിലും താമസസ്ഥലത്തും നിരീക്ഷണം ശക്തമാക്കും.
ഗതാഗത നിയമങ്ങൾ പാലിക്കണം
കുവൈത്ത് സിറ്റി: പെരുന്നാൾ ദിനങ്ങളിലെ തിരക്ക് മുന്നിൽ കണ്ട് വാഹന യാത്രികരും മുൻകരുതൽ പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, മത്സരയോട്ടം തുടങ്ങിയവ ഒഴിവാക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു.
നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ കർശനനടപടികൾ സ്വീകരിക്കും. ബീച്ചുകളിൽ തിരക്ക് വർധിക്കുന്നതിനാൽ കൂടുതൽ ലൈഫ്ഗാർഡുമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ രാജ്യത്തെ സംസ്കാരത്തിന് നിരക്കാത്ത രീതിയില്‍ പെരുമാറുന്നവരെ അറസ്റ്റ് ചെയ്യും. നിയമ ലംഘകർക്കെതിരെ നാടുകടത്തല്‍ അടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.