പെരുന്നാൾ ആശംസനേർന്ന് മന്ത്രിസഭ
text_fieldsകുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ജനങ്ങൾ എന്നിവർക്ക് കുവൈത്ത് മന്ത്രിസഭ പെരുന്നാൾ ആശംസ നേർന്നു. സൈഫ് പാലസിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് ആശംസ.
വിദേശ പര്യടനത്തിന് ശേഷം കുവൈത്തിലേക്ക് മടങ്ങിയെത്തിയ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ മന്ത്രിസഭ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന് നിത്യ ക്ഷേമം ആശംസിക്കുകയും ചെയ്തു. ദേശീയ അസംബ്ലിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കർ അഹമ്മദ് അൽ സാദൂൻ, ഡെപ്യൂട്ടി സ്പീക്കർ മുഹമ്മദ് അൽ മുതൈർ, സെക്രട്ടറി മുബാറക് അൽ താഷ, ഒബ്സർവർ മുഹമ്മദ് അൽ ഹുവൈല എന്നിവരെയും മറ്റു പാർലമെന്ററി മേധാവികളെയും മന്ത്രിസഭ അഭിനന്ദിച്ചു.
ദേശീയ അസംബ്ലി ഉദ്ഘാടന സമ്മേളനത്തിൽ ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് നടത്തിയ പ്രസംഗവും അവലോകനം ചെയ്തു. കുവൈത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്നതിനൊപ്പം ജനാധിപത്യത്തോട് ചേർന്നുനിൽക്കാനും ദേശീയ ഐക്യം സംരക്ഷിക്കാനുമുള്ള കിരീടാവകാശിയുടെ ആഹ്വാനങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു.
കുവൈത്ത് ജനതയുടെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കുന്നതിന് സർക്കാറും ദേശീയ അസംബ്ലിയും തമ്മിലുള്ള ഏകോപനത്തിന്റെ ചുമതലയുള്ള കമ്മിറ്റി മുൻഗണനകൾ നിശ്ചയിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് മന്ത്രിസഭ വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.