2ജി, 3ജി ടെലികമ്യൂണിക്കേഷൻ ഉപകരണ ഇറക്കുമതി നിരോധിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് 2ജി, 3ജി ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നു. ഈ വർഷം സെപ്റ്റംബര്‍ ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ 2ജി, 3ജി മൊബൈല്‍ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം നിലവിൽ വരുമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ചെയർമാൻ ഒമർ അൽ ഒമർ അറിയിച്ചു.
2ജി, 3ജി ടെക്നോളജിയില്‍ പ്രവർത്തിക്കുന്ന പെരിഫറൽ കമ്യൂണിക്കേഷൻ ഉപകരണങ്ങള്‍ക്ക് സെപ്റ്റംബർ ഒന്നോടെ വിലക്ക് നിലവില്‍വരുമെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. മൊബൈൽ തലമുറ 5ജിയും കടന്ന് മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് രണ്ടാം, മൂന്നാം തലമുറ ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തുന്നത്.
അതേസമയം, രാജ്യത്തെ ടെലികോം ദാതാക്കള്‍ 2ജി, 3ജി നെറ്റ്വർക്കുകൾ ഘട്ടംഘട്ടമായി നിര്‍ത്തുമെന്നാണ് സൂചന. അടുത്ത മാസത്തോടെ ഒറിഡോ മൊബൈല്‍ 3ജി സര്‍വിസും ഈ വര്‍ഷം അവസാനത്തോടെ 2ജി സര്‍വിസും അവസാനിപ്പിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. രാജ്യത്തെ മറ്റ് ടെലികോം ദാതാക്കളും ഉടന്‍ രണ്ടാം, മൂന്നാം തലമുറ ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങളുടെ സേവനങ്ങള്‍ നിർത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2ജി, 3ജി നെറ്റ്വർക്കുകൾ നിര്‍ത്തുന്നതോടെ രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് നൂതന സാങ്കേതികവിദ്യകളിലേക്കുള്ള നിക്ഷേപം വർധിപ്പിക്കാന്‍ സാധിക്കും. 1992ലാണ് കുവൈത്തില്‍ 2ജി നെറ്റ്വര്‍ക്ക് സംവിധാനം നിലവിൽ വന്നത്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.