ഭക്ഷ്യ ഉൽപന്നങ്ങളിൽ ട്രാൻസ് ഫാറ്റ് നിരോധിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യ ഉൽപന്നങ്ങളിൽ ട്രാൻസ് ഫാറ്റ് ആസിഡുകൾ നിരോധിക്കാൻ ഒരുങ്ങുന്നു. മേയ് മുതൽ ഹൈഡ്രജൻ കൊഴുപ്പ് എന്നും അറിയപ്പെടുന്ന കൃത്രിമ ട്രാൻസ്-ഫാറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതോടെ ഭക്ഷ്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, ഉൽപന്ന വിതരണക്കാർ എന്നിവർ ഭക്ഷ്യ ഉൽപന്നങ്ങളിൽ നിന്ന് ട്രാൻസ് ഫാറ്റ് ആസിഡുകൾ ഒഴിവാക്കേണ്ടിവരും.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണ നിലവാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കുവൈത്തിന്റെ പ്രതിബദ്ധതയെ ഈ തീരുമാനം കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ട്രാൻസ് ഫാറ്റുകൾ വ്യാപകമായി ആശ്രയിക്കുന്ന ഭക്ഷ്യ ഫാക്ടറികളെ പുതിയ നിയന്ത്രണം ബാധിക്കും. എന്നാൽ, സസ്യ എണ്ണകൾ ഉപയോഗിക്കുന്നവരെ ബാധിക്കില്ല.
വ്യാവസായികമായി ഉൽപാദിപ്പിക്കുന്ന ട്രാൻസ്-ഫാറ്റ് ഭക്ഷണങ്ങളുടെ ആയുസ്സ് വർധിപ്പിക്കാനാണ് പൊതുവായി ഉപയോഗിക്കുന്നത്. കേക്കുകൾ, കുക്കികൾ, റഫ്രിജറേറ്റഡ് മാവ്, ബിസ്കറ്റ്, ഡോനട്ട്സ്, നോൺ െഡയറി കോഫി ക്രീമർ, വറുത്ത ഭക്ഷണങ്ങൾ ഡോനട്ട്സ്,ഐസ്ക്രീം, ബ്രെഡ് എന്നിവയുൾപ്പെടെ നിരവധി ഉൽപന്നങ്ങളിൽ ഇവ കാണപ്പെടുന്നുണ്ട്.
ട്രാൻസ്-ഫാറ്റ് ചീത്ത കൊളസ്ട്രോൾ അളവ് കൂട്ടുകയും നല്ല കൊളസ്ട്രോൾ അളവ് കുറക്കുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ചെറിയ അളവിലുള്ള ട്രാൻസ് ഫാറ്റ് പോലും ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.