ബാങ്കിങ് തട്ടിപ്പ്: ജാഗ്രത വേണമെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ബാങ്കിങ് തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ബാങ്കിൽനിന്ന് എന്ന പേരിൽ എസ്.എം.എസും ഇ -മെയിലുകളും ഇൻറർനാഷനൽ കാളുകളും ധാരാളം വരുന്നുണ്ട്. വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇത്തരക്കാർക്ക് നൽകരുതെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആർക്കും നൽകരുതെന്നും ബാങ്കിൽനിന്ന് ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട് വിളിക്കാറില്ലെന്നും സൈബർ ക്രൈം വകുപ്പ് അറിയിച്ചു.
ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽനിന്ന് എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ നേരത്തെ സെൻട്രൽ ബാങ്കും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നൂതന തട്ടിപ്പ് രീതികൾക്കെതിരെ ജാഗ്രത പാലിക്കാൻ തദ്ദേശീയ ബാങ്കുകൾക്ക് കുവൈത്ത് സെൻട്രൽ ബാങ്ക് നേരത്തെ മുന്നറിയിപ്പ് നൽകി. വിവിധ ലോക രാജ്യങ്ങളിൽ സാമ്പത്തികതട്ടിപ്പിന് റാക്കറ്റ് പ്രവർത്തിക്കുന്നതായി ഇൻറർപോൾ ജനറൽ സെക്രേട്ടറിയറ്റ് നൽകിയ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിലാണിത്. അന്താരാഷ്ട്ര റാക്കറ്റ് നടത്തി വരുന്ന തട്ടിപ്പ് രീതികൾ സംബന്ധിച്ച വിവരങ്ങളും ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.