സൂക്ഷിച്ച് ഇടപെടാം; ജാഗ്രത വേണം സൈബർ തട്ടിപ്പുകളിൽ
text_fieldsകുവൈത്ത് സിറ്റി: സൈബർ തട്ടിപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരെന്ന പേരിൽ ആൾമാറാട്ടം നടത്തി രാജ്യത്തിന് പുറത്തുള്ള ചിലർ തട്ടിപ്പു നടത്തുന്നതായി ആഭ്യന്തര മന്ത്രാലയം എല്ലാവർക്കും മുന്നറിയിപ്പ് നൽകി.
സുരക്ഷാ ഉദ്യോഗസ്ഥരുടെ വസ്ത്രങ്ങളും ചിഹ്നങ്ങളും അണിഞ്ഞ് ഫോണിൽ വിഡിയോ കാൾ വിളിച്ചാണ് സംഘം ഇരകളെ വീഴ്ത്തുന്നത്. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നാണെന്ന ധാരണയിൽ ഇവരെ വിശ്വസിച്ച് ബാങ്ക് വിവരങ്ങളും ഒ.ടി.പികളും കൈമാറുന്നവർക്ക് പണം നഷ്ടപ്പെടും.
ഇത്തരം വഞ്ചനാപരമായ സംഘങ്ങളുടെ കെണിയിൽ വീഴരുതെന്ന് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ പുറത്തിറക്കിയ പത്രക്കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാർക്ക് ബാങ്ക് വിവരങ്ങളൊന്നും കൈമാറരുത്. രാജ്യത്തെ ഒരു മന്ത്രാലയവും സ്ഥാപനങ്ങളും വിഡിയോ കോളിലൂടെ വ്യക്തികളുമായി ആശയവിനിമയം നടത്തുകയോ ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്യുന്നില്ലെന്നും വ്യക്തമാക്കി.
ഇത്തരം കോളുകൾ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികൾ നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്. സംശയാസ്പദമായ കോളുകൾ ലഭിക്കുമ്പോൾ അധികാരികളെ അറിയിക്കാനും മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.