ബീച്ചുകളുടെ സൗന്ദര്യവത്കരണം വൈകൽ: കാരണമന്വേഷിച്ച് മോണിറ്ററിങ് ഏജൻസി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പൊതു ബീച്ചുകളുടെ സൗന്ദര്യവത്കരണത്തിന് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടും അവ നടപ്പാക്കുന്നത് അനന്തമായി നീളുന്നത് ചോദ്യം ചെയ്ത് ഗവ. പെർഫോമൻസ് ഫോളോ അപ് ഏജൻസി. നിർമാണം, അറ്റകുറ്റപ്പണികൾ എന്നിവയുടെ ടെൻഡർ വൈകുന്നതിന് കാരണമായ ബുദ്ധിമുട്ടുകളും തടസ്സങ്ങളും എന്താണെന്ന് ഏജൻസി മുനിസിപ്പാലിറ്റികളോട് അന്വേഷിച്ചു. ഏജൻസിയുടെ ഡെപ്യൂട്ടി ഹെഡ് മിശ്അൽ അൽ ബൈജാൻ മുനിസിപ്പാലിറ്റികൾക്കയച്ച കത്തിൽ സർക്കാർ പദ്ധതികളുടെ നടത്തിപ്പ് ചുമതലയിൽ തങ്ങൾക്കുള്ള അധികാരങ്ങൾ ചൂണ്ടിക്കാട്ടി. പദ്ധതി നടത്തിപ്പുകൾക്കായി രൂപപ്പെടുത്തിയ സമയക്രമീകരണങ്ങൾക്കനുസരിച്ച് അവ നടപ്പാക്കുകയും പൂർത്തീകരിക്കുകയും വേണം.
സർക്കാർ പദ്ധതികളുടെ നടത്തിപ്പ് പരിശോധനക്കായി മന്ത്രാലയങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ ഏജൻസിക്ക് അധികൃതരെ ബന്ധപ്പെടാൻ അധികാരമുണ്ടെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. ബീച്ച് സൗന്ദര്യവത്കരണ പദ്ധതികളുടെ സ്റ്റാറ്റസ് പരിശോധിക്കാനായി വിവരങ്ങളുടെ ഇലക്ട്രോണിക് പകർപ്പുകൾ ഏജൻസി മുനിസിപ്പാലിറ്റികളോട് ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കൽ കരാർ, കരാറുകാരൻ എന്നിവയുടെ വിശദാംശങ്ങൾ, കൺസൽട്ടന്റ്, എന്റിറ്റി, പ്രോജക്ട് മാനേജർ എന്നിവർക്കുള്ള അവസാന പ്രതിമാസ റിപ്പോർട്ട്, മെറ്റീരിയൽ, താൽക്കാലിക മാറ്റ ഓർഡറുകൾ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, അവ നൽകിയ തീയതിയും അത് ഇഷ്യൂ ചെയ്യുന്നതിനുള്ള കാരണങ്ങളും കരാറിന്റെ മുഴുവൻ കാലയളവിലെയും ആസൂത്രണം ചെയ്ത തൊഴിൽ നമ്പറുകളുടെ പട്ടികയുടെ പകർപ്പും, തൊഴിലാളികളുടെ എണ്ണം, കരാറിന്റെ തുടക്കം മുതൽ അതിന്റെ തീയതി വരെ ഇഷ്യൂ ചെയ്ത പേമെന്റ് സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, കരാറുകാരന്റെ സാമ്പത്തിക പേമെന്റുകളുടെ അംഗീകാരത്തിന്റെയും വിതരണത്തിന്റെയും തീയതികളുള്ള പട്ടിക, പദ്ധതിയുടെ കാലതാമസത്തിന് കാരണമായ ബുദ്ധിമുട്ടുകളും തടസ്സങ്ങളും എന്നിവയടക്കമുള്ള വിശദാംശങ്ങളാണ് ഏജൻസി അന്വേഷിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.