പറന്നുയർന്ന് കുവൈത്ത് താരങ്ങൾ
text_fieldsകുവൈത്ത് പാരാഗ്ലൈഡിങ് ടീമിന്റെ പ്രകടനം
കുവൈത്ത് സിറ്റി: മൂന്നാമത് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ബീച്ച് ഗെയിംസിന് ഒമാനി തലസ്ഥാനമായ മസ്കത്തിൽ തുടക്കം.
കുവൈത്തിനെ പ്രതിനിധീകരിച്ച് 65 അത്ലറ്റുകൾ ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. ബീച്ച് സോക്കർ, ബീച്ച് വോളിബാൾ, സെയിലിങ്, പാരാഗ്ലൈഡിങ്, അത്ലറ്റിക്സ്, കുതിരസവാരി എന്നിങ്ങനെ ആറ് മത്സരങ്ങളിലാണ് കുവൈത്ത് പങ്കെടുക്കുന്നത്.
ബീച്ച് ഹാൻഡ്ബാൾ, ദീർഘദൂര നീന്തൽ എന്നിവ ഉൾപ്പെടെ എട്ട് ഇനങ്ങളാണ് ടൂർണമെന്റിൽ ഉൾപ്പെടുന്നത്. ഏപ്രിൽ അഞ്ചു മുതൽ 11 വരെ നടക്കുന്ന ഗെയിംസിൽ ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നീ ആറ് രാജ്യങ്ങളിൽ നിന്നായി 330 അത്ലറ്റുകൾ പങ്കെടുക്കുന്നുണ്ട്.
ശനിയാഴ്ച ആരംഭിച്ച പാരാഗ്ലൈഡിങ് മത്സരത്തിൽ കുവൈത്തിന്റെ ഇബ്രാഹിം അൽ റഷൂദ്, അഹമ്മദ് അൽ മാസ്, മുഹമ്മദ് അൽ ദൊസാരി, തലാൽ അൽ മുതവ എന്നിവർ പങ്കാളികളായി. രണ്ട് ദിവസങ്ങളിലായി ആറു റൗണ്ടുകളിലായാണ് മത്സരം. തിങ്കളാഴ്ച മൂന്നു റൗണ്ടുകൾ നടക്കും.
ജി.സി.സി രാജ്യങ്ങൾക്കിടയിൽ കായിക സഹകരണം വർധിപ്പിക്കുക, വൈവിധ്യമാർന്ന കായിക ഇനങ്ങളിൽ ഗൾഫ് അത്ലറ്റുകളുടെ സാന്നിധ്യം ഉറപ്പാക്കുക, കായിക പ്രവർത്തനങ്ങളിലൂടെ ഐക്യവും കായിക സംയോജനവും വളർത്തിയെടുക്കുക എന്നിയാണ് ബീച്ച് ഗെയിംസിന്റെ ലക്ഷ്യം. ബീച്ച് ഗെയിംസിൽ കുവൈത്ത് കായിക താരങ്ങളുടെ മികച്ച പ്രകടനം രാജ്യം പ്രതീക്ഷിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.