വിടപറഞ്ഞത് കുവൈത്തിന്റെ പ്രിയ നേതാവ്
text_fieldsകുവൈത്തിന്റെ പ്രിയപ്പെട്ട അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് 86ാം വയസ്സിൽ ദൈവത്തിലേക്ക് യാത്രയായി. പരിശോധനകൾക്കും ചികിത്സക്കും വേണ്ടി അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ രാജ്യം അദ്ദേഹത്തിന്റെ ആരോഗ്യത്തിനും മടങ്ങിവരവിനുമായുള്ള പ്രാർഥനയിലായിരുന്നു.
അർധസഹോദരനും മുൻ അമീറുമായിരുന്ന ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തെ തുടർന്ന് 2020 സെപ്റ്റംബറിലാണ് ശൈഖ് നവാഫ് കുവൈത്തിന്റെ 16ാമത്തെ അമീറായി അധികാരമേറ്റത്. 2020 സെപ്റ്റംബർ 30ന് ചേർന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അദ്ദേഹം അമീറായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാപരമായി പാർലമെന്റിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന നാലാമത്തെ അമീറാണ് ശൈഖ് നവാഫ്.
നന്നേ ചെറുപ്പത്തിൽ ഹവല്ലി ഗവർണറേറ്റിന്റെ തലവനായി അധികാരമേറ്റെടുത്ത ശൈഖ് നവാഫ് ശേഷം പ്രതിരോധ മന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയ പല ഔദ്യോഗിക പദവികളും വഹിച്ചു. 1990ൽ സദ്ദാം ഹുസൈൻ കുവൈത്ത് ആക്രമിക്കുമ്പോൾ പ്രതിരോധ മന്ത്രിയായിരുന്നു. 2006 സെപ്റ്റംബറിൽ കിരീടാവകാശിയായി നിശ്ചയിക്കപ്പെട്ടു. 2003 ഒക്ടോബറിൽ ഉപപ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു. 1978ലും 2003ലും ആഭ്യന്തരമന്ത്രിയായി ചുമതലയും വഹിച്ചു.
കുവൈത്തിന്റെ മൂന്നാമത്തെ ആഭ്യന്തരമന്ത്രിയും നാലാമത്തെ പ്രതിരോധ മന്ത്രിയുമായിരുന്നു അദ്ദേഹം. ശൈഖ് സഅദ് അബ്ദുല്ലാഹ് അൽ സാലിം അസ്സബാഹിനു ശേഷം ഏറ്റവും കൂടുതൽ കാലം ആഭ്യന്തരമന്ത്രിയായിരുന്ന ഭരണാധികാരിയാണ് ശൈഖ് നവാഫ്.
പദവികൾ വഹിച്ച ഇടങ്ങളിലെല്ലാം പുരോഗതിയുടെയും നേട്ടത്തിന്റെയും കൈയൊപ്പ് പതിപ്പിക്കാൻ ശൈഖ് നവാഫിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ആഗോള മാറ്റത്തിനൊപ്പം കുവൈത്തിനെയും ചലിപ്പിച്ചതിൽ ശൈഖ് നവാഫിന്റെ പങ്ക് വലുതാണ്.
ദസ്മാൻ കൊട്ടാരത്തിൽ വളർന്ന ശൈഖ് നവാഫിന്റെ പ്രാഥമിക വിദ്യാഭ്യാസം കുവൈത്തിലെ ആദ്യ സ്കൂളായ മുബാറകിയ സ്കൂളിലായിരുന്നു. തുടർന്ന് കുവൈത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം തുടർന്നു. താരതമ്യേന ശാന്തമായിരുന്നു ഭരണകാലമെങ്കിലും നിരവധി തവണ പാർലമെന്റ് പിരിച്ചുവിടേണ്ടിവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.