ആപ്പിലെ ‘ആപ്പിൽ’ ജാഗ്രത വേണം
text_fieldsസേവനങ്ങൾ സുഗമവും വേഗവും കൃത്യവും ആക്കുന്നതിനാണ് മൊബൈൽ ‘ആപ്പു’കൾ ഉപയോഗിക്കുന്നത്. ജാഗ്രതയോടെ ഉപയോഗിച്ചില്ലെങ്കിൽ ‘ആപ്പ്’ ഉപഭോക്താവിന് വിനയായി മാറിയേക്കാം. ബാങ്കുകൾ, മണി എക്സ്ചേഞ്ചുകൾ എന്നിവയുടെ ‘ആപ്പു’കൾ വൈവിധ്യമാർന്ന സേവനങ്ങൾ സമയ നഷ്ടമില്ലാതെ ഉപഭോക്താവിന് നൽകുന്നു. പണമിടപാടിന് പുറമെ മൊബൈൽ റീ ചാർജ്, ഗ്യാസ് ബിൽ, വൈദ്യുതി ബിൽ, വെള്ളക്കരം, വിമാനം, തീവണ്ടി, ബസ് ടിക്കറ്റ്, സ്കൂൾ/കോളജ് ഫീസ് തുടങ്ങി നിരവധി നിത്യ നിദാന സേവനങ്ങളാണ് ആപ്പുകൾ വിരൽത്തുമ്പിലൂടെ നിർവഹിക്കുന്നത്. സ്ഥാപനങ്ങളിൽ പോകാതെ വീട്ടിലിരുന്ന് തന്നെ ഇടപാട് നടത്താമെന്നതാണ് ധനകാര്യ മൊബൈൽ ആപ്പുകളുടെ പ്രത്യേകത. ഇതുവഴി യാത്രയുടെ പണവും സമയവും ലാഭിക്കാനാകും. ഊഴം കാത്തു നിന്നുവേണം സ്ഥാപനങ്ങളിൽ നേരിട്ട് ചെന്ന് ഇടപാട് നടത്താൻ. നിശ്ചിത പ്രവൃത്തി സമയത്ത് മാത്രമേ അവിടെ നിന്ന് സേവനം ലഭ്യമാകുകയുമുള്ളൂ. എന്നാൽ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് മൊബൈൽ ആപ്പുകൾ. വീട്ടിലിരുന്ന് ആയാസത്തോടെ ഏത് സമയവും ഇടപാട് നടത്താം.
സുരക്ഷിതം, സൂക്ഷ്മത അനിവാര്യം
ജാഗ്രതയും സൂക്ഷ്മതയും ഉണ്ടെങ്കിൽ ആപ്പ് വഴിയുള്ള ധനവിനിമയമാണ് സുരക്ഷിതവും എളുപ്പവും. എന്നാൽ ഇതിൽ ശ്രദ്ധയും ജാഗ്രതയും വേണം . അക്കൗണ്ട് നമ്പറുകൾ ഒത്തുനോക്കി സാവകാശമേ പണമിടപാട് സ്വന്തമായി ചെയ്യാവൂ. ധൃതിയിൽ ഇടപാട് നടത്തിയവർക്ക് ധനനഷ്ടം സംഭവിക്കാം. നമ്പറിലെ പിഴവ് മൂലം അക്കൗണ്ട് മാറി ക്രഡിറ്റായത് കാരണം പണം നഷ്ടമായ നിരവധി ഉദാഹരണങ്ങളുണ്ട്. ഇങ്ങനെ വഴിമാറി പോകുന്ന പണം തിരിച്ച് ഉപഭോക്താവിന് ലഭ്യമാക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾക്ക് പരിമിതികൾ ഏറെയാണ്.
നമ്പറിലെ മാറ്റം കാരണം പണമെത്തിച്ചേരുന്നത് ചിലപ്പോൾ സംസ്ഥാനത്തിന് പുറത്തുള്ള ബാങ്ക് അക്കൗണ്ടിലാകും. തെറ്റായ അക്കൗണ്ടിലാണ് ഇടപാട് നടന്നതെന്ന് ബോധ്യമായാൽ ഉടൻ സ്ഥാപനത്തിന്റെ കാൾ സെന്ററിൽ വിളിച്ച് സ്റ്റോപ്പ് പേയ്മെന്റ് ചെയ്യാൻ ആവശ്യപ്പെടണം. സെക്കൻഡുകൾ കൊണ്ട് അക്കൗണ്ടിൽ പണമെത്തുന്ന ഡിജിറ്റൽ സംവിധാനമായതുകാരണം സ്റ്റോപ്പ് പേയ്മെന്റ് കൊണ്ട് കാര്യമുണ്ടാകാനിടയില്ല. മാത്രമല്ല മിക്കപ്പോഴും പിഴവ് ബോധ്യപ്പെടുക വളരെ സമയം കഴിഞ്ഞതിന് ശേഷമോ ദിവസങ്ങൾക്ക് ശേഷമോ ആയിരിക്കും.
പണമെത്തിയ അക്കൗണ്ട് ഉടമക്ക് അപ്പോൾ തന്നെ അതിന്റെ സന്ദേശവും കിട്ടും. അയാൾ പണമുപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ബാങ്കിന് ഒന്നും ചെയ്യാനാകില്ല. അക്കൗണ്ട് ഉടമ പണമെടുക്കാതിരിക്കുകയും തെറ്റായ അക്കൗണ്ടിലാണ് ഇടപാട് തുകയെത്തിയതെന്ന സന്ദേശം ബാങ്കിൽ കൃത്യ സമയത്ത് രേഖാമൂലം എത്തിച്ചേരുകയും ചെയ്താൽ അക്കൗണ്ട് മരവിപ്പിച്ച് നിർത്താനാകുമെങ്കിലും പണം കിട്ടുക ശ്രമകരമാണ്. പണം ലഭിച്ച അക്കൗണ്ട് ഉടമയുടെ സമ്മതത്തോടെ മാത്രമേ അയാളുടെ അക്കൗണ്ടിൽ നിന്നും പണം തിരിച്ച് പിടിക്കാൻ ബാങ്കിന് അധികാരമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.