തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം –അഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായതോടെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അഭ്യന്തരമന്ത്രാലയം. ബാങ്കിങ് വിവരങ്ങളും ചോദിക്കുന്നവർക്ക് മറുപടി നൽകരുതെന്നാണ് മുന്നറിയിപ്പ്. തദ്ദേശീയരും പ്രവാസികളും ഇതിൽ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു. ഒ.ടി.പി, വ്യക്തി വിവരങ്ങൾ എന്നിവ ആവശ്യപ്പെടുന്നവരോട് പ്രതികരിക്കരുതെന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
കഴിഞ്ഞദിവസം പൊലീസിന്റെ അറിയിപ്പ് എന്ന രീതിയിൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വ്യാജനിർമിതിയാണെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്ത് ഇലക്ട്രിക് മാധ്യമങ്ങളിലൂടെ പല രൂപത്തിൽ തട്ടിപ്പ് നടക്കുന്നുണ്ട്. ഫോണിലേക്ക് വിവിധ ആവശ്യങ്ങൾ അറിയിച്ച് വിളിക്കുകയോ മെസേജ് അയക്കുകയോ ആണ് ആദ്യം ഉണ്ടാകുക. ഔദ്യോഗിക ഭാഷ്യത്തിലാകും സംഭാഷണം. ഇതിന് മറുപടി നൽകുന്നവരുടെ ഫോണിലേക്ക് സന്ദേശം അയക്കുകയും ഒ.ടി.പി പറയാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതുവഴി പണം തട്ടിയെടുക്കലാണ് രീതി. ബാങ്ക് വിവരങ്ങളാണ് പലപ്പോഴും തട്ടിപ്പുകാർ ആവശ്യപ്പെടുക. ജാഗ്രത പുലർത്തുകയും ഇത്തരം സന്ദേശങ്ങളെ അവഗണിക്കുകയുമാണ് തട്ടിപ്പിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗം.
ഇക്കാര്യം സൂക്ഷിക്കാം
ക്രെഡിറ്റ് കാർഡ് അക്കൗണ്ടിന്റെ ലിമിറ്റ് പരമാവധി കുറക്കുന്നതാണ് നല്ലത്.
ടിക്കറ്റ് എടുക്കാനും അത്യാവശ്യ കാര്യങ്ങൾക്കും മാത്രം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക.
ഇടക്കിടെ നെറ്റ് ബാങ്കിങ് പരിശോധിക്കുക.
പർച്ചേസുകൾക്ക് മാത്രമായി ക്രെഡിറ്റ് കാർഡ് ലിമിറ്റ് ചെയ്യാൻ കഴിയും.
പരിചയമില്ലാത്ത സ്ഥലങ്ങളിലും വെബ്സൈറ്റുകളിലും ക്രെഡിറ്റ് കാർഡ് നൽകാതിരിക്കുക.
ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പുറത്തുനൽകാതിരിക്കുക.
ചെറിയ തുക പിൻവലിച്ചതായി മെസേജ് വന്നാൽ പോലും ഉടൻ ബാങ്കിനെ വിവരം അറിയിക്കുക.
അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻ കാർഡ് ബ്ലോക്ക് ചെയ്യുക.
നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന ഫോണിൽ അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.