ബയോമെട്രിക് പൂർത്തിയാക്കാൻ ഇനി മൂന്നുദിവസം മാത്രം
text_fieldsകുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. നിശ്ചിത സമയത്തിനകം നടപടികൾ പൂർത്തിയാക്കാത്തവർക്ക് കർശന നടപടികൾ നേരിടേണ്ടിവരും. രണ്ടു തവണ അവസരം നൽകിയതിനാൽ സമയപരിധി നീട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ, ബാങ്കിങ് ഇടപാടുകൾ കാലതാമസമോ തടസ്സങ്ങളോ ഇല്ലാതെ സുഗമമായി തുടരുന്നതിന് ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്. ജനുവരി ഒന്നു മുതൽ ബയോമെട്രിക് പൂർത്തിയാക്കാത്തവരുടെ സര്‍ക്കാര്‍-ബാങ്ക് സേവനങ്ങള്‍ താൽക്കാലികമായി നിർത്തിവെക്കും. പൂർത്തിയാക്കാത്ത പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നൽകാൻ ബാങ്കുകൾക്ക് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം നല്‍കിയിരുന്നു.
ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാൻ വൈകുന്നപക്ഷം മറ്റു ഇടപാടുകളും മരവിപ്പിക്കുന്നതിലേക്ക് നീങ്ങും. സിവിൽ ഐ.ഡി കാർഡ് അപ്ഡേഷൻ, സർക്കാർ സേവനങ്ങൾ, ബാങ്ക് ഇടപാടുകൾ അനുബന്ധ സേവനങ്ങൾ എന്നിവയിലെല്ലാം ഇത് ബാധിക്കും.
കുവൈത്ത് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന സമയം സെപ്റ്റംബറില്‍ അവസാനിച്ചതോടെ ഇത്തരം നിബന്ധനകൾ നടപ്പിൽ വരുത്തിയിരുന്നു. നടപടികൾ പൂർത്തിയാകുന്ന മുറക്കാകും ഇവ പുനഃസ്ഥാപിക്കുക. മെറ്റ പ്ലാറ്റ്ഫോം, സഹൽ അപ്ലിക്കേഷൻ എന്നിവ വഴി അപ്പോയന്റ്മെന്റ് ബുക്ക് ചെയ്ത് നിശ്ചയിച്ച കേന്ദ്രങ്ങളിലെത്തി നടപടികൾ പൂർത്തിയാക്കാം.
കൈവിരലുകൾ, കണ്ണിന്റെ റെറ്റിന എന്നിവയുടെ പകർപ്പുകളാണ് ബയോമെട്രിക് വഴി ശേഖരിക്കുന്നത്. ജനങ്ങളുടെ വിവരങ്ങളുടെ ഡിജിറ്റലൈസേഷൻ, സുരക്ഷ ക്രമീകരണം സേവനങ്ങളുടെ വേഗം വർധിപ്പിക്കൽ, രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ ഐഡന്റിറ്റി എളുപ്പത്തിൽ പരിശോധിക്കൽ എന്നിവ ലക്ഷ്യമിട്ടാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.