ബയോമെട്രിക് വിരലടയാളം: 7,50,000 പേർ പൂർത്തിയാക്കി
text_fieldsകുവൈത്ത് സിറ്റി: ആരംഭിച്ച് 75 ദിവസത്തിനുള്ളിൽ ഇതുവരെ 7,50,000 പൗരന്മാരും താമസക്കാരും ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും വിരലടയാളം എടുക്കുന്നത് തുടരുമെന്നും വ്യക്തമാക്കി. നടപടിക്രമം എളുപ്പമാക്കുന്നതിന് വാണിജ്യ സമുച്ചയങ്ങളിലും മന്ത്രാലയ സമുച്ചയങ്ങളിലും പുതിയ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.
പൗരന്മാർക്കും താമസക്കാർക്കും ‘സഹൽ’ ആപ്ലിക്കേഷനും ‘മെറ്റാ പ്ലാറ്റ്ഫോം’വഴിയും ബയോമെട്രിക് ഫിംഗർപ്രിന്റ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ (ജി.സി.സി) പൗരന്മാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (moi.gov.kw) വഴി കൂടിക്കാഴ്ചകൾ ബുക്ക് ചെയ്യാം. കുവൈത്തിൽനിന്ന് പുറത്തുപോകാൻ ബയോമെട്രിക് വിരലടയാളം ആവശ്യമില്ല. രാജ്യത്തേക്ക് വരുമ്പോൾ നിർബന്ധമാണ്.
കുവൈത്ത്, ജി.സി.സി പൗരന്മാർക്കായി ഹവല്ലി, ഫർവാനിയ, അഹമ്മദി, ജഹ്റ, മുബാറക് അൽ കബീർ എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. അലി സബാഹ് അൽ സാലം ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്മെന്റിലും ജഹ്റ മേഖലയിലെ ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്മെന്റിലും പ്രവാസികൾക്കായി രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ഇവ പ്രവർത്തിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.