കിളികളുടെ തോഴൻ; കിടുക്കൻ സാജൻ...
text_fieldsകുവൈത്ത് സിറ്റി: പന്ത്രണ്ടാം വയസ്സിൽ പന്തളത്തെ വീട്ടുമുറ്റത്തുനിന്നു നോക്കിയാൽ കാണുന്ന വയലിൽ കുഞ്ഞിക്കിളിയെ വെറുതെ നോക്കിയിരുന്നതാണ് ആദ്യ കൗതുകം. അവിടുന്നിങ്ങോട്ട് സാജൻ രാജുവിെൻറ കിളികളുമായുള്ള കൂട്ടിെൻറ കഥ പറയാൻ തുടങ്ങിയാൽ ദിവസങ്ങൾ കുറെ വേണ്ടിവരും. കുവൈത്തിൽ 412 ഇനം പക്ഷികളെയാണ് ബേഡിങ് കമ്മിറ്റി അംഗീകരിച്ചിട്ടുള്ളത്. 256 സ്പീഷ്യസുകളെയും ഇൗ മലയാളി യുവാവ് കണ്ടെത്തി കാമറയിൽ പകർത്തിയിട്ടുണ്ട്. ഇത്രയും കണ്ടെത്തിയ അറേബ്യൻ അല്ലാത്ത ആദ്യ ഏഷ്യക്കാരനാണ് സാജൻ.
പക്ഷിനിരീക്ഷകരെ സംബന്ധിച്ച് വിവരിക്കുന്ന ഇ-ബേഡ്സ് എന്ന സൈറ്റിൽ 13ാം റാങ്ക് ആണ് സാജേൻറത്. അഞ്ചു യൂറോപ്യന്മാരും ഏഴു കുവൈത്തികളും മാത്രമാണ് ഇദ്ദേഹത്തിന് മുന്നിലുള്ളത്. അവരെല്ലാം മുഴുസമയവും പക്ഷിനിരീക്ഷണം തൊഴിലായി എടുത്തവരാണെങ്കിൽ സാജൻ ജോലി കഴിഞ്ഞ സമയങ്ങളിലും അവധി ദിവസങ്ങളിലും പക്ഷികളെത്തേടി ഒാടിനടക്കുകയാണ്. മുഴുവൻ സമയ പക്ഷിനിരീക്ഷണം എന്ന ഇദ്ദേഹത്തിെൻറ സ്വപ്നത്തിലേക്ക് അധികം അകലമില്ലെന്നാണ് കരുതുന്നത്.
അതിനായി ചില പദ്ധതികൾ കണക്കുകൂട്ടിവെച്ചിട്ടുണ്ട്. വൈൽഡ് ലൈഫ് ഫോേട്ടാഗ്രാഫറായ ആർതർ മോറിസിനെയും ഇന്ത്യൻ ലെജൻറ് സുധീഷ് ശിവറാമിനെയും നെഞ്ചിലേറ്റി നടക്കുന്ന സാജെൻറ ജീവിത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് ചോദിച്ചാൽ ഒറ്റയടിക്ക് മറുപടി കിട്ടും ‘‘എനിക്ക് ആർതർ മോറിസ് ആകണം. അല്ല, അതിലും മുകളിൽ പറക്കണം’’. പക്ഷികമ്പക്കാരുടെ കൂട്ടായ്മയോടൊപ്പം ഒന്നിച്ച് വെള്ളി, ശനി ദിവസങ്ങളിൽ നുവൈസീബ്, ബുബ്യാൻ െഎലൻഡ്, ജഹ്റ ഫാം, സബ്രിയ ഫാം തുടങ്ങിയ സ്ഥലങ്ങളിൽ നിരീക്ഷണത്തിനിറങ്ങും.
ഇർവിൻ സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ ഉദുമ തുടങ്ങിയ മലയാളികളും ഇൗ കൂട്ടത്തിലുണ്ട്. പുതുതായി ഒരു സ്പീഷ്യസിനെ കണ്ടാൽ ഉടൻ വാട്സ്ആപ് ഗ്രൂപ്പിലൂടെ വിവരം അറിയിക്കും. പക്ഷികളെ സംബന്ധിച്ച് ആർക്കും എന്തു സംശയവും ഇവരോട് ചോദിക്കാം. ബേണേഴ്സ് ആൻഡ് ബോർഡേഴ്സ് എന്ന നാട്ടിലെ കൂട്ടായ്മയിലും അംഗമാണിവർ. കുവൈത്തിൽ പുതുതായി ഒരു ഇനം പക്ഷിയെ കണ്ടെത്തിയതായി ആരെങ്കിലും അവകാശവാദം ഉന്നയിച്ചാൽ സ്ഥിരീകരണം നൽകുന്ന കുവൈത്ത് ബേണിങ് ഒാർണിത്തോളജിക്കൽ കമ്മിറ്റിയിൽ അംഗമാണ് സാജൻ.
ഇതിൽ ഇന്ത്യക്കാരനായി സാജൻ മാത്രമേയുള്ളൂ. കുവൈത്ത് ബേണിങ് കമ്മിറ്റി സെക്രട്ടറി അബ്ദുറഹ്മാൻ അൽ സർഹാനുമൊത്ത് തേട്ടക്കാട്, മസിനഗുഡി, മൂന്നാർ, ബന്ദിപ്പൂർ, മുതുമല, വയനാട്, കബനി എന്നിവിടങ്ങളിൽ നിരീക്ഷണത്തിന് പോവാൻ കഴിഞ്ഞത് ഹൃദ്യമായ അനുഭവമായി ഇദ്ദേഹം കരുതുന്നു. 45 ദിവസം അവധിക്ക് നാട്ടിൽ പോയാൽ പത്തുദിവസത്തിൽ കൂടുതൽ വീട്ടിൽ നിൽക്കില്ല സാജൻ. ബാക്കി ദിവസങ്ങളിൽ പക്ഷികളെ തേടിയുള്ള അലച്ചിലാണ്. തേട്ടക്കാട്, തേക്കടി, മൂന്നാർ, കുമരകം, അതിരപ്പിള്ളി, കോഴിക്കോട് എന്നുവേണ്ട ചെന്നുചെന്ന് ഹിമാലയത്തിൽ വരെ സാജൻ എത്തി.
പി. മധുസൂദനെൻറ പ്രശസ്ത കവിതയിൽ പറയുന്നപോലെ ‘‘പറഞ്ഞു നോക്കുക വെറുതെ നിങ്ങൾക്കെത്ര കിളിയുടെ പാട്ടറിയാം’’ അതേ കവിതയിലെ തന്നെ മറ്റൊരു വരി ‘‘അറിഞ്ഞിടുേമ്പാളറിയാം നമ്മൾക്കറിയാനൊത്തിരി ബാക്കി’’. നിറഞ്ഞ പിന്തുണ നൽകുന്ന കുടുംബത്തോടും അതിരപ്പിള്ളിയിലെ ബൈജു കെ. വാസുദേവൻ, മൂന്നാറിലെ കുേട്ടട്ടൻ, തേട്ടക്കാെട്ട അജോമോൻ തുടങ്ങിയ തെൻറ പ്രിയപ്പെട്ട ഗൈഡുകളോടും സഹായം നൽകിയ മറ്റനേകം പേരോടുമുള്ള നന്ദി ഹൃദയത്തിലൊളിപ്പിക്കാതെ സാജൻ യാത്ര തുടരുകയാണ്, കിളിയറിവുകൾ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.