ഭക്തിസാന്ദ്രമായി ഓശാന പെരുന്നാൾ
text_fieldsകുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ആഭിമുഖ്യ
ത്തിൽ നടന്ന ഓശാന ശുശ്രൂഷകൾക്കു ഫാ.സിജിൽ ജോസ്
വിലങ്ങൻപാറ നേതൃത്വം നൽകുന്നു
കുവൈത്ത് സിറ്റി : യേശുക്രിസ്തുവിന്റെ ജറൂസലം പ്രവേശന ഓര്മയില് കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ ഓശാന പെരുന്നാൾ കൊണ്ടാടി. ലാളിത്യത്തിന്റെയും എളിമയുടെയും അടയാളമായ കഴുതപ്പുറത്തെത്തിയ യേശുവിനെ ജനക്കൂട്ടം ഒലിവിന് ചില്ലകളും ആര്പ്പുവിളികളുമായി ജറൂസലമിലേക്ക് വരവേറ്റതിന്റെ ഓര്മ പുതുക്കുന്നതായി ആഘോഷം. നാട്ടിൽ നിന്ന് പ്രത്യേകം എത്തിച്ച കുരുത്തോലകളുമായാണ് വിശ്വാസികൾ ആഘോഷത്തിന്റെ ഭാഗമായത്.
ഓശാനയോടെ വിശുദ്ധവാരാചരണത്തിനും തുടക്കമായി. ക്രിസ്തുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവയുടെ ഓര്മ പുതുക്കുന്ന ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക് പ്രാർഥന ദിനങ്ങളാണ്. വിവിധ ദേവാലയങ്ങളിൽ നടന്ന ഓശാന പ്രത്യേക പ്രാർഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.
സെന്റ് ഗ്രിഗോറിയോസ് മഹാഇടവകയുടെ ഓശാന പെരുന്നാളിന് മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്ത നേതൃത്വം നൽകുന്നു
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ദേവാലയങ്ങളായ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച്, അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്ത, ഇടവക വികാരി ഫാ.ഡോ.ബിജു ജോർജ് പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ.ഗീവർഗീസ് ജോൺ, ഫാ.റിനിൽ പീറ്റർ എന്നിവർ നേതൃത്വം നൽകി.
കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓശാന ശുശ്രുഷകൾക്ക് ഫാ.ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ നേതൃത്വം നൽകുന്നു
കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓശാന ശുശ്രുഷകൾക്ക് ഫാ.സിജിൽ ജോസ് വിലങ്ങൻപാറ നേതൃത്വം നൽകി. നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് അങ്കണത്തിലാണ് പരിപാടികൾ നടന്നത്. ഓശാന പെരുന്നാൾ കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.
കുവൈത്ത് സിറ്റി ഹോളി ഫാമിലി കോ കത്തീഡ്രൽ ദേവാലയത്തിലെ ഹോളി ഫാമിലി ഹാളിൽ നടന്ന ദിവ്യബലിയിലും കുരുത്തോല പ്രദക്ഷിണത്തിലും ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിച്ചു. ഫാ.ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
കുവൈത്ത് നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന കുരുത്തോല പ്രദക്ഷിണം
കുവൈത്ത് സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയപള്ളി ഇടവകയുടെ മൂന്നു സെന്ററുകളിലും ശുശ്രൂഷകൾ നടന്നു. അബ്ബാസിയ ശ്ലോമോ പ്രയർ ഹാളിൽ ശുശ്രൂഷകൾക്ക് തൃശൂർ ഭദ്രാസന അധിപൻ ഡോ.കുര്യാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. മംഗഫ് പ്രയർ ഹാളിൽ ശുശ്രൂഷകൾക്ക് ഫാ.എബ്രഹാം ഷാജി, കുവൈത്ത് സിറ്റി നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. സ്റ്റീഫൻ നെടുവകാട്ട് എന്നിവർ നേതൃത്വം നൽകി.
അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദു:ഖവെള്ളി എന്നീ ആത്മീയ ദിനങ്ങൾ കടന്ന് യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ ഓർമ പുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധവാരാചരണം പൂർത്തിയാകും. ഉയിർപ്പ് ഞായറോടെ അമ്പതിന് നോമ്പിനും സമാപനമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.