രക്തദാതാക്കളെ ഇന്ത്യൻ എംബസി അനുമോദിച്ചു
text_fieldsകുവൈത്ത് സിറ്റി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാരായ രക്ത ദാതാക്കളെയും രക്തദാന രംഗത്ത് സംഭാവനകളർപ്പിക്കുന്ന സംഘടനകളെയും സാമൂഹിക പ്രവർത്തകരെയും അനുമോദിച്ചു. രക്തദാതാക്കൾ പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോകളാണെന്നും രക്തം നൽകി ജീവൻ രക്ഷിക്കുന്ന അവരെ ദേശീയ ഹീറോകൾ എന്ന് തന്നെ വിശേഷിപ്പിക്കാമെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു.
ബോംബെ ഗ്രൂപ് പോലെയുള്ള അപൂർവയിനം രക്തം ലഭ്യമാക്കിയും ഇന്ത്യൻ സമൂഹം നിർണായക സന്ദർഭത്തിൽ അവസരത്തിനൊത്തുയർന്നിട്ടുണ്ട്. സ്ഥിരമായി രക്തം നൽകുന്ന കുവൈത്തിലെ ഇന്ത്യൻ യുവാക്കളെ അഭിനന്ദിക്കുകയാണ്. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി അക്ഷീണം പ്രവർത്തിക്കുന്ന യുവാക്കളെ ഞാൻ കുവൈത്തിൽ എത്തിയത് മുതൽ ശ്രദ്ധിച്ചിട്ടുണ്ട്. സമയവും ഉൗർജവും ത്യജിച്ച് അവർ മുന്നോട്ടുവരുകയാണ്.
ഇന്ത്യൻ സമൂഹത്തിെൻറ പങ്കാളിത്തത്തോടെയുള്ള വിവിധ രക്തദാന ക്യാമ്പുകളിൽ സ്ഥിരമായി ഞാൻ പെങ്കടുക്കുകയോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയോ ചെയ്യുന്നു.രക്തദാന പ്രവർത്തനങ്ങളിൽ ഇന്ത്യൻ സമൂഹം കാണിക്കുന്ന ആവേശത്തെ അഭിനന്ദിക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയവും മുന്നോട്ടുവന്നിട്ടുണ്ട്.
കുവൈത്തിൽ രക്തം ദാനം ചെയ്യുന്ന യുവാക്കളിൽ കൂടുതലും ഇന്ത്യക്കാരാണെന്നത് എന്നെ സന്തോഷിപ്പിക്കുന്നു. കുവൈത്തിലെ ഏറ്റവും കൂടുതൽ രക്തദാനം നടത്തുന്ന സമൂഹം ഇന്ത്യക്കാരാണെന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ സർവിസ് ഡയറക്ടർ ഡോ. ഹനാൻ അൽ അവദി ഇന്നു രാവിലെകൂടി പറഞ്ഞു. ക്യാമ്പുകൾ നടത്തുന്ന സംഘടനകളെയും അഭിനന്ദിക്കുന്നു.
ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിന് വിവിധ രക്ത ഗ്രൂപ്പുകാരായ 2500 സ്ഥിരം രക്തദാതാക്കളുണ്ട്. വാട്സ്ആപ് ഗ്രൂപ്പുകളിലുള്ള ഇവർ ഏത് സമയത്തും രക്തം നൽകാൻ തയാറാണ്.ഷഹീദ് ഭഗത്സിങ് യൂത്ത് ക്ലബ്, തുളുകൂട്ട കുവൈത്ത്, ഇന്ത്യൻ ഡെൻറിസ്റ്റ് അലയൻസ് കുവൈത്ത്, യൂത്ത് ഇന്ത്യ കുവൈത്ത്, െഎ.എഫ്.എൽ, യു.പി എൻ.ആർ.െഎ ഫോറം കുവൈത്ത്, ദാവൂദ് ബൊഹ്റാസ് ഗ്രൂപ്, ലൈഫ് എഗെയിൻ, മഹാരാഷ്ട്ര മണ്ഡൽ തുടങ്ങി ഇവിടെ സംബന്ധിച്ച വിവിധ സംഘടനകളും ശ്രദ്ധേയമായ സംഭാവനയാണ് ഇൗ രംഗത്ത് നൽകുന്നത്. മറ്റു വിവിധ സംഘടനകളും രക്തദാന ക്യാമ്പ് നടത്തിയിട്ടുണ്ട്.
വിദ്യാർഥികൾക്കിടയിലും യുവാക്കൾക്കിടയിലും നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളും അഭിനന്ദനാർഹമാണ്. എല്ലാവരെയും ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നു -അംബാസഡർ പറഞ്ഞു. എംബസിയിൽ ബ്ലഡ് ഡൊണേഷൻ ഡേറ്റ കൗണ്ടർ തുടങ്ങുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
വിവിധ സംഘടനകൾക്കും കൂട്ടായ്മകൾക്കും കുവൈത്ത് അധികൃതർക്കുമിടയിൽ ഏകോപനം സാധ്യമാക്കാനാണ് ഡേറ്റ കൗണ്ടർ സ്ഥാപിക്കുന്നത്. ചടങ്ങിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അമീർ അഹ്മദ്, സബാഹ് െമറ്റേണിറ്റി ആശുപത്രിയിലെ ഡോ. സദഫ് ആലം, ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.