സ്തനാർബുദ കേസുകൾ വർധിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ഒമ്പത് സ്ത്രീകളിൽ ഒരാൾക്ക് തന്റെ ജീവിതകാലത്ത് സ്തനാർബുദ സാധ്യതയുണ്ടെന്ന് കുവൈത്ത് യൂനിവേഴ്സിറ്റി ആക്ടിങ് ഡയറക്ടർ ഡോ. ഒസാമ അൽ സഈദ്. കാൻസർ അവയർ നേഷന്റെ (സി.എ.എൻ) പങ്കാളിത്തത്തോടെ യൂനിവേഴ്സിറ്റിയിൽ നടന്ന ‘പിങ്ക് ഡേ’ ബോധവത്കരണ പരിപാടിയിലാണ് ഡോ.ഒസാമ അൽ സഈദിന്റെ പരാമർശം.
ലോകമെമ്പാടുമുള്ള കാൻസർ ബാധിതരുടെ എണ്ണം വർഷവും വർധിക്കുകയാണെന്ന് സി.എ.എൻ ഡോ. ഹെസ്സ അൽ ഷഹീൻ പറഞ്ഞു. രാജ്യത്ത് 2,995 പേർക്ക് സ്തനാർബുദമുണ്ടെന്ന് കുവൈത്ത് സെന്റർ ഫോർ കാൻസർ കൺട്രോളിന്റെ (കെ.സി.സി.സി) സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 1,653 കുവൈത്തികളും 1,342 പ്രവാസികളുമാണ്. കാൻസർ അവബോധം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്ത്രീകൾ സ്തനാർബുദം പരിശോധിക്കുന്നതിനും തടയുന്നതിനും നിരന്തരം ശ്രദ്ധിക്കണമെന്നും ഉണർത്തി.
രോഗം നേരത്തേ കണ്ടുപിടിക്കുന്നത് രോഗമുക്തി നിരക്ക് 95 ശതമാനത്തിലേറെയായി വർധിപ്പിക്കുമെന്ന് ഡോ. നജ്ല അൽ സെയ്ദ് പറഞ്ഞു. സ്തനാർബുദം നേരത്തെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുന്നതിനാണ് സർവകലാശാലയിൽ പിങ്ക് ഡേ സംഘടിപ്പിച്ചത്. വിദ്യാർഥികളെയും അഡ്മിനിസ്ട്രേറ്റർമാരെയും സ്വയം പരിശോധനാ രീതിയെക്കുറിച്ച് പരിശീലിപ്പിക്കുന്നതിനായി ക്ലാസും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.