സ്തനാർബുദ ചികിത്സ: രോഗികൾക്ക് ആശ്വാസമായി എച്ച്.എം.സി
text_fieldsദോഹ: സ്തനാർബുദത്തിനെതിരായ പോരാട്ടത്തിൽ ശ്രദ്ധേയ നേട്ടം കൊയ്ത് ഹമദ് മെഡിക്കൽ കോർപറേഷൻ. എച്ച്.എം.സിയിലെ ദേശീയ അര്‍ബുദ പരിചരണ-ഗവേഷണ കേന്ദ്രമാണ് (എൻ.സി.സി.സി.ആർ) സ്തനാര്‍ബുദ രോഗികള്‍ക്കായി പുതിയ മരുന്ന് ഉപയോഗത്തിന് സജ്ജമാക്കിയത്.
മരണകാരണങ്ങളിൽ പ്രധാനപ്പെട്ടതും സ്തനാർബുദമാണ്. നിർണായകമായ മരുന്ന് ഉപയോഗത്തിന് സജ്ജമായതായി എച്ച്.എം.സി ഹെമറ്റോളജി ആൻഡ് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റും മെഡിക്കൽ ഓങ്കോളജി ആൻഡ് പാലിയേറ്റിവ് കെയർ മെഡിസിൻ ചെയർപേഴ്സനുമായ ഡോ. സൽഹ ബുജാസ്സൂം അൽ ബദർ പറഞ്ഞു.
നാഷനൽ കാൻസർ കെയർ റിസർച് സെന്ററിന് കീഴിൽ സ്തനാർബുദത്തിനെതിരായ പുതിയ മരുന്നായ എൻഹെർടു (ENHERTU) എച്ച്.ഇ.ആർ2 പോസിറ്റിവ് മെറ്റാസ്റ്റാറ്റിക് സ്തനാർബുദ രോഗികൾക്ക് പുതിയ ചികിത്സ പ്രദാനം ചെയ്യുമെന്നും രോഗം കൂടുതൽ വ്യാപിക്കുന്നത് ചെറുക്കാനുള്ള ചികിത്സ പദ്ധതിയിൽ ഇത് നേരത്തേതന്നെ ഉപയോഗിക്കാൻ സാധിക്കുമെന്നും ഡോ. അൽ ബദർ കൂട്ടിച്ചേർത്തു.
കർശനമായ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ‘എൻഹെർടു’ അസാധാരണമായ ഫലപ്രാപ്തി പ്രകടമാക്കിയതായും പരമ്പരാഗത ചികിത്സയിൽ ക്ഷീണിച്ച രോഗികൾക്ക് ചികിത്സയുടെ പുതിയ വഴികൾ ഇത് വാഗ്ദാനം ചെയ്യുമെന്നും അൽ ബദർ ചൂണ്ടിക്കാട്ടി.രോഗീകേന്ദ്രീകൃതമായ ആരോഗ്യ സംരക്ഷണം നൽകുന്നതിൽ ഖത്തറിന്റെ ആരോഗ്യ പരിപാലന മേഖലയുടെ ഉറച്ച പ്രതിബദ്ധതയെ അടിവരയിടുന്നതാണ് പുതിയ മരുന്നിന്റെ അവതരണം.
പാർശ്വഫലങ്ങളെ കൃത്യമായി കുറക്കുന്നതിലൂടെ സ്തനാർബുദത്തെത്തുടർന്നുള്ള ശാരീരികവും വൈകാരികവുമായ ഭാരം ലഘൂകരിക്കാനും രോഗികൾക്കും കുടുംബങ്ങൾക്കും ചികിത്സായാത്രയിൽ പിന്തുണ നൽകാനും പുതിയ മരുന്നിന്റെ അവതരണത്തിലൂടെ ലക്ഷ്യമിടുന്നു. ‘എൻഹെർടു’വിന്റെ ഗൾഫ് ലോഞ്ചിങ് ചടങ്ങിലെ മുഖ്യപ്രഭാഷകയായിരുന്നു ഡോ. അൽ ബദർ. ദോഹ-ഫെയർമോണ്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗൾഫ് മേഖലയിലെ പ്രമുഖ മെഡിക്കൽ പ്രഫഷനലുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.