മുലയൂട്ടുന്ന അമ്മമാർക്ക് ബൂസ്റ്റർ വാക്സിനെടുക്കാം
text_fieldsകുവൈത്ത് സിറ്റി: മുലയൂട്ടുന്ന അമ്മമാർക്ക് ബൂസ്റ്റർ വാക്സിൻ എടുക്കുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് മുലയൂട്ടൽ നിർത്തേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. വാക്സിൻ എടുക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നു. ആറുലക്ഷത്തോളം പേർ ഇനിയും കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തിട്ടില്ല. കോവിഡ് കേസുകൾ ഉയരുമ്പോഴും വലിയൊരു വിഭാഗം ആളുകൾ വാക്സിനെടുക്കാൻ മടിക്കുന്നത് അധികൃതർക്ക് തലവേദനയാകുന്നു. കോവിഡ് രണ്ടാം തരംഗത്തെ വിജയകരമായി മറികടക്കുന്നതിൽ വാക്സിനേഷൻ കാമ്പയിൻ വലിയ പങ്കുവഹിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പരമാവധി വേഗത്തിൽ എല്ലാവർക്കും വാക്സിൻ പരിരക്ഷ ഉറപ്പാക്കുകയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. സാമൂഹിക പ്രതിരോധ ശേഷി എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുത്തുവരുന്നതിനിടയിലാണ് കോവിഡ് മൂന്നാം തരംഗം പിടിമുറുക്കിത്തുടങ്ങിയത്. ലോകം മുഴുവൻ ജനിതക മാറ്റം വന്ന കോവിഡ് വകഭേദം ഒമിക്രോൺ പടർന്നുപിടിക്കുകയും കുവൈത്തിലെ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വാക്സിനേഷൻ കാമ്പയിൻ കൂടുതൽ ഊർജിതമാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. എന്നാൽ, ഒറ്റ ഡോസ് പോലും എടുക്കാത്ത നിരവധി പേർ ഈ ശ്രമങ്ങൾക്ക് തടസ്സം നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.