'ബഫർസോൺ' : സർക്കാറിന്റെ ഇരട്ടത്താപ്പ് വിദേശഫണ്ട് ലക്ഷ്യം വെച്ച്'
text_fieldsകുവൈത്ത് സിറ്റി: ബഫർ സോൺ വിഷയത്തിൽ സർക്കാർ പുലർത്തുന്ന ഇരട്ടത്താപ്പ് നയം നാഷനൽ മിഷൻ ഫോർ ഗ്രീൻ ഇന്ത്യ വഴി ലഭിക്കുന്ന ഭീമമായ വിദേശ ഫണ്ട് ലക്ഷ്യം വെച്ചാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. ജോസുകുട്ടി ഒഴുകയിൽ പ്രസ്താവിച്ചു.
'ഫോറസ്റ്റ് ബഫർസോൺ - അപ്രഖ്യാപിത കുടിയിറക്ക്' എന്ന വിഷയത്തിൽ കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഫർസോൺ നിയമം ഉണ്ടാകാൻ ഇടയായ സാഹചര്യങ്ങൾ അദ്ദേഹം വിശദമാക്കി. കേരളത്തിന്റെ വനഭൂമി ദേശീയ ശരാശരിയിലും വളരെ അധികം ഉയർന്നതാണെന്ന് മാത്രമല്ല 54 ശതമാനം ഭൂമി വനസമാന ഭൂമിയുമാണ്. ജനങ്ങളുടെ നിലവിളിക്ക് ചെവികൊടുക്കാതെ നിർബന്ധിത വനവത്കരണവുമായി മുന്നോട്ടു പോകുന്ന സർക്കാർ നടപടികൾ തികച്ചും ജനദ്രോഹപരമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെമിനാറിൽ ആമുഖപ്രഭാഷണം നടത്തിയ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയനിലം, സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോണായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്ന കരിനിയമമാണെന്ന് അഭിപ്രായപ്പെട്ടു.
എസ്.എം.സി.എ കുവൈത്ത് പ്രസിഡന്റ് സാൻസിലാൽ പാപ്പച്ചൻ ചക്യാത്ത് അധ്യക്ഷനായിരുന്നു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് സുനിൽ റാപ്പുഴ വിഷയാവതരണം നടത്തി. ചങ്ങനാശ്ശേരി പ്രവാസി അപ്പോസ്തലേറ്റ് ജി.സി.സി സെക്രട്ടറി രാജേഷ് കൂത്രപ്പള്ളി പ്രമേയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. എ.കെ.സി.സി ഗ്ലോബൽ സെക്രട്ടറി മനോജ് ആൻറണി ചർച്ചകൾക്ക് നേതൃത്വം നൽകി. എസ്.എം.സി.എ ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത്ര സ്വാഗതവും ട്രഷറർ ജോസ് മത്തായി പൊക്കാളിപ്പടവിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.