ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഉത്തരവിന് അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടിക്ക് കിരീടാവകാശിയുടെയും മന്ത്രിസഭയുടെയും അംഗീകാരം. ഇതുസംബന്ധിച്ച് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തിന്റെ ഉന്നത താൽപര്യങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാനും പൗരന്മാരുടെ അഭിവൃദ്ധിയും പുരോഗതിയും കൈവരിക്കാനുമാണ് ഇതെന്ന് കിരീടാവകാശി ഉത്തരവിൽ കുറിച്ചു.
ഭരണഘടനയുടെ 107ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ട് നേരത്തേ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിറക്കിയിരുന്നു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അമീരി ഉത്തരവ് അംഗീകരിച്ച് കിരീടാവകാശിക്ക് അയക്കുകയായിരുന്നു. മന്ത്രിസഭ തീരുമാനം ലഭിച്ചതിനു പിറകെയാണ് കിരീടാവകാശിയുടെ പ്രതികരണം.
ബയാൻ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ പ്രാദേശികവും അന്തർദേശീയവുമായ മറ്റു വിഷയങ്ങളും ചർച്ചയായി. അമീറിന് അറബ് മേഖലയിലെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ കമാൻഡര് മെഡൽ പദവി ലഭിച്ചതായി അറബ് പാർലമെന്റ് ചെയർപേഴ്സൻ അദെൽ അസോമി അയച്ച കത്ത് ലഭിച്ചതായി മന്ത്രിസഭ അറിയിച്ചു. കമാൻഡർ മെഡൽ പദവി ലഭിച്ച അമീറിനെ മന്ത്രിസഭ യോഗം അഭിനന്ദിച്ചു.
അറബ്, അന്താരാഷ്ട്ര മേഖലകളിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത മന്ത്രിസഭ സുഡാനിലെ അവസ്ഥകൾ പ്രത്യേകം വിലയിരുത്തി. സുഡാനിൽ പ്രയാസം അനുഭവിക്കുന്നവർക്ക് ദുരിതാശ്വാസവും വൈദ്യസഹായവും നൽകാൻ തീരുമാനിച്ചു.
പ്രതിരോധ, ആരോഗ്യ മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് വിദേശകാര്യ മന്ത്രാലയത്തെ ഇതിനായി ചുമതലപ്പെടുത്തി. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ആവശ്യമായ സഹായ സാമഗ്രികൾ വൈകാതെ സുഡാനിലേക്ക് അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.