വിലക്കയറ്റവും ഭക്ഷ്യസുരക്ഷയും ചർച്ച ചെയ്ത് മന്ത്രിസഭ സമിതി
text_fieldsകുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷയും വിലക്കയറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മന്ത്രിസഭയുടെ സാമ്പത്തിക സമിതി ചർച്ച ചെയ്തു. ആഗോള തലത്തിലെ സാമ്പത്തിക, സൈനിക, രാഷ്ട്രീയ സാഹചര്യങ്ങളുടെ ഫലമായുണ്ടായ വിലക്കയറ്റത്തിന്റെ ആഘാതം ലഘൂകരിക്കാൻ നിരവധി നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ ശരിയാൻ ചൂണ്ടിക്കാട്ടി.
ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ മുഹമ്മദ് അൽ ഫാരിസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മതിയായ സംഭരണ കേന്ദ്രങ്ങളുടെ അഭാവം അന്താരാഷ്ട്ര വിതരണക്കാരിൽനിന്ന് കൂടുതൽ സാധനങ്ങൾ എത്തിച്ച് സംഭരിക്കുന്നതിന് തടസ്സമാകുന്നു.
ആളുകൾ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന പ്രവണതയുണ്ടെന്നും ഇത് വിപരീതഫലം സൃഷ്ടിക്കുമെന്നും വാണിജ്യ മന്ത്രി മുന്നറിയിപ്പ് നൽകി. അസംസ്കൃത വസ്തുക്കളുടെ വില വർധനയും ചെലവ് വർധിച്ചതും കമ്പനികളുടെ ലാഭം കുറച്ചിട്ടുണ്ട്.
നിലവിൽ വിവിധ ഉൽപന്നങ്ങളുടെ പരമാവധി വില മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. സാധന വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന അവസ്ഥയാണ് പല കമ്പനികൾക്കും.
വില നിയന്ത്രണം നീക്കണമെന്ന് കമ്പനികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും വാണിജ്യ മന്ത്രാലയം അനുമതി നൽകിയിട്ടില്ല. വൈകാതെ വില വർധനക്ക് അനുമതി നൽകുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.