ജി.പി.എഫ് റിപ്പോർട്ട് മന്ത്രിസഭ യോഗം ചർച്ചചെയ്തു
text_fieldsകുവൈത്ത് സിറ്റി: മന്ത്രിസഭയുടെ പ്രതിവാര യോഗം പ്രധാനമന്ത്രി ശൈഖ് അഹ് മദ് അബ്ദുല്ല അൽ അഹ് മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേർന്നു. ഗവൺമെന്റ് പെർഫോമൻസ് ഫോളോ അപ് ഏജൻസിയുടെ (ജി.പി.എഫ്) 2023ലെ റിപ്പോർട്ട് യോഗം വിശദമായി ചർച്ച ചെയ്തു.
കഴിഞ്ഞ വർഷം മന്ത്രിതല ഉത്തരവുകൾ നടപ്പാക്കുന്നതിന്റെ ഫലങ്ങൾ സംബന്ധിച്ച ജി.പി.എഫ് ചെയർമാൻ ശൈഖ് അഹ്മദ് മെഷാൽ അൽ അഹമ്മദ് അസ്സബാഹിന്റെ വിവരണവും വിലയിരുത്തി. 1സർക്കാർ പദ്ധതികളുടെ നടത്തിപ്പും സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് ജി.പി.എഫ് നടത്തിയ അഭിപ്രായ സർവേ ഫലങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു.
2022-2023 സാമ്പത്തിക വർഷത്തെ ബജറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന ഓഡിറ്റ് ബ്യൂറോയുടെ റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്ന നിരീക്ഷണങ്ങളും ചർച്ച ചെയ്തു. ജി.പി.എഫ് ശിപാർശകളും നിരീക്ഷണങ്ങളും നടപ്പാക്കാൻ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും നിർദേശം നൽകാനും ത്രൈമാസ അടിസ്ഥാനത്തിൽ ഏജൻസിക്ക് റിപ്പോർട്ട് നൽകാനും മന്ത്രിസഭ നിർദേശിച്ചു.
ഇറാഖ് ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ സ്റ്റാഫ് അബ്ദുൽ അമീർ അൽ ഷെമ്മേരിയുടെ കുവൈത്ത് സന്ദർശനത്തിന്റെ അനന്തരഫലങ്ങൾ പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് യോഗത്തിൽ വിശദീകരിച്ചു.
കുവൈത്തും ഇറാഖും തമ്മിലുള്ള സുരക്ഷ ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അബ്ദുല്ല അൽ മൗഷാർജി പറഞ്ഞു.
2024-2025 അധ്യയന വർഷത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ.അദേൽ മുഹമ്മദ് അൽ അദ്വാൻ യോഗത്തിൽ വിശദീകരിച്ചു. കുവൈത്ത് പൗരത്വം സ്ഥിരീകരിക്കുന്നതിനുള്ള പരമോന്നത സമിതിയുടെ മിനിറ്റ്സ് യോഗം അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.