മന്ത്രിസഭയുടെ രാജി: ഉന്നതങ്ങളിൽ തിരക്കിട്ട ചർച്ച
text_fieldsകുവൈത്ത് സിറ്റി: പുനഃസംഘടനക്കായി കുവൈത്ത് മന്ത്രിസഭ രാജിവെച്ച പശ്ചാത്തലത്തിൽ ഉന്നതതലത്തിൽ തിരക്കിട്ട ചർച്ച. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരുമായി ചർച്ച നടത്തി. ഭരണസ്തംഭനമുണ്ടാവാതെ എങ്ങനെ കാര്യങ്ങൾ മുന്നോട്ടുനീക്കാം എന്നതിൽ ഉൗന്നിയായിരുന്നു ചർച്ച. മന്ത്രിസഭയുടെ രാജി അമീർ സ്വീകരിച്ചു. പുതിയ മന്ത്രിസഭ രൂപവത്കരിക്കാൻ ആരെ ചുമതലപ്പെടുത്തും എന്നതാണ് ഉറ്റുനോക്കുന്നത്.
നിലവിലെ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെ തന്നെ വീണ്ടും നിയോഗിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അദ്ദേഹം നിലവിലെ പട്ടികയിൽ അഴിച്ചുപണി നടത്തി പുതിയ മന്ത്രിസഭ രൂപവത്കരിക്കും. പ്രധാനമന്ത്രിക്കെതിരെ മൂന്ന് എം.പിമാർ കുറ്റവിചാരണ പ്രമേയം കൊണ്ടുവന്നിട്ടുണ്ടെങ്കിലും എം.പിമാരുടെ എതിർപ്പ് അദ്ദേഹത്തോടല്ല എന്നാണ് സൂചന.
ഉപപ്രധാനമന്ത്രി അനസ് അൽ സാലിഹ് ഉൾപ്പെടെ ചില മന്ത്രിമാരുമായി സഹകരിച്ചുനീങ്ങാൻ ബുദ്ധിമുട്ടാണെന്നാണ് എം.പിമാർ പറയുന്നത്. സർക്കാറിെൻറ വിശ്വസ്തരിൽ ഒരാളാണ് അനസ് അൽ സാലിഹ്. കുവൈത്തിൽ സബാഹ് കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ ആദ്യമായി ആഭ്യന്തരമന്ത്രിയാക്കുന്നത് അനസ് അൽ സാലിഹിനെയാണ്. കാബിനറ്റ് കാര്യ ചുമതല വഹിക്കുന്ന അദ്ദേഹം ഉപപ്രധാനമന്ത്രി കൂടിയാണ്. അത്രക്കും ഭരണകുടുംബത്തിന് വിശ്വാസമുള്ള അനസ് അൽ സാലിഹിനെതിരെയാണ് എം.പിമാരുടെ പടയൊരുക്കം. കർക്കശക്കാരനായ അദ്ദേഹം സ്പീക്കർ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എടുത്ത സമീപനം എം.പിമാരെ പ്രകോപിപ്പിച്ചു.
50 അംഗ പാർലമെൻറിൽ 38 പേരുടെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷത്തിെൻറ അവകാശവാദം. അവരുമായി സമന്വയത്തിൽ എത്താതെ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. സർക്കാർ വിട്ടുവീഴ്ചക്ക് നിർബന്ധിതമായി എന്നതിെൻറ തെളിവാണ് രാജി. പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉൾപ്പെടും, അത് എം.പിമാരെ തൃപ്തിപ്പെടുത്തുമോ എന്നതൊക്കെ രാഷ്ട്രീയ നിരീക്ഷകരും പൗരസമൂഹവും ഉറ്റുനോക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.