തസ്നീം അണിയിച്ചൊരുക്കുന്ന ‘ഷുഗർ ട്രീറ്റ്സ്’
text_fieldsകുവൈത്ത് സിറ്റി: ഒഴിവു വേളകളിൽ രുചികരമായ കേക്കുകൾ നിർമിച്ച് പ്രവാസജീവിതം മധുരകരമാക്കുകയാണ് തസ്നിം അൻസാരി. കഴിക്കുമ്പോഴുള്ള സ്വാദ് മാത്രമല്ല, കാണുന്നതിലെ ചന്തവും തസ്നീം നിർമിക്കുന്ന കേക്കുകൾക്കുണ്ട്. ആവശ്യക്കാരുടെ വ്യത്യസ്തമായ അഭിരുചികളും താൽപര്യങ്ങളും ഇവയിൽ തെളിഞ്ഞു കാണാം. കുട്ടികൾക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങൾ മുതൽ ഫുട്ബാളും ഷട്ടിലും ചെസ്സും വരെ ഈ കേക്കുകളുടെ ഭാഗമാണ്. ജന്മദിനങ്ങൾ, വിവാഹ വാർഷികം എന്നിവക്കായാണ് തസ്നിം കൂടുതലും കേക്കുകൾ നിർമിക്കുന്നത്.
തുടക്കം കോവിഡ് സമയത്ത്
കോഴിക്കോട് പയ്യാനക്കൽ സ്വദേശിയായ തസ്നിം കാലിക്കറ്റ് ലോ കോളജിൽ പഠനം പൂർത്തിയാക്കി പ്രാക്ടീസിങ് തുടരുന്നതിനിടെയാണ് ഭർത്താവ് അൻസാരികൊപ്പം 14 വർഷം മുമ്പ് കുവൈത്തിലെത്തുന്നത്. വൈകാതെ അഹമ്മദിയിലെ ഐ.എം.സി.ഒ എൻജിനീയറിങ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്ററായി ജോലി ലഭിച്ചു. എന്നാൽ വീടും ജോലി സ്ഥലത്തിനുമിടയിലെ യാത്രകൾ മടുത്തുതുടങ്ങി. തന്റേതൊരു യാന്ത്രിക ജീവിതമല്ലേയെന്ന് തോന്നിത്തുടങ്ങിയ നാളുകൾ. അതിനിടയിൽ ജീവിതത്തിൽ പുതിയ എന്തെങ്കിലും പരീക്ഷിക്കാനുള്ള ആഗ്രഹം മനസ്സിലുദിച്ചു. അങ്ങനെ തസ്നിം കേക്കുകൾ ഉണ്ടാക്കാൻ തുടങ്ങി.
ഇതിനിടയിലാണ് കോവിഡ് വന്നു വീണത്. ലോകം സ്തംഭിച്ചതിനൊപ്പം കുവൈത്തും നിശ്ചലമായ നാളുകളിൽ കേക്കുകളിൽ പരീക്ഷണം നടത്താൻ ധാരാളം സമയം ലഭിച്ചു. ഇവ കാണുകയും ഇഷ്ടപ്പെടുകയും ചെയ്ത സുഹൃത്തുക്കളായ രജിതയും ബുനിയയും അവരുടെ കുട്ടികൾക്ക് ജന്മദിന കേക്ക് ഉണ്ടാക്കാമോ എന്ന് ചോദിച്ചു. അതായിരുന്നു ആദ്യ ഓഡർ. എറ്റവും വലിയ പ്രചോദനവും.
ഷുഗർ ട്രീറ്റ്സ് ബൈ തസ്നിം അൻസാരി
തസ്നീം അൻസാരിയുടെ സുന്ദരൻ കേക്കുകളുടെ യാത്ര ഇവിടെ നിന്ന് ആരംഭിക്കുന്നു. കേക്ക് മേക്കിങ് എന്ന ആശയം പങ്കുവെച്ചപ്പോൾ ബന്ധു ഹിബ ആഷിർ ഇതിന് ലോഗോ ഡിസൈൻ ചെയ്തുനൽകി കൂടെനിന്നു. ‘ഷുഗർ ട്രീറ്റ്സ് ബൈ തസ്നിം അൻസാരി’ എന്ന പേരിൽ വൈകാതെ സ്വന്തം ബ്രാൻഡ് തുടങ്ങി.
ഈ കേക്കുകൾ പിന്നീട് കുവൈത്തിലെ ആഘോഷവേളകളിലെ മധുര സാന്നിധ്യമായി. ആവശ്യക്കാർ കൂടി കൂടി വന്നു. മക്കളായ ആദിഷ്, അഫ്രീനും ചെറിയ സഹായവുമായി കൂടെ കൂടി. തസ്നിമിന് ചെറിയ രൂപത്തിലുള്ള വരുമാനവുമായി. ഇതിനിടെ ലുലു കുവൈത്ത് കേക്ക് ബേക്കിങ് ഡെക്കറേറ്റിങ് മത്സരത്തിന് 2020ൽ ലഭിച്ച ഒന്നാം സമ്മാനം തസ്നിമിന്റെ മികവിനുള്ള അംഗീകാരമായി.
വൈകാതെ കേക്ക് നിർമാണത്തിൽ പരിശീലന ക്ലാസുകൾക്കും തസ്നിം അൻസാരി തുടക്കമിട്ടു. കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം വി.എച്ച്.എസ്.എസിലെ വിദ്യാർഥികൾക്കും കുവൈത്തിൽ വനിതാ കൂട്ടായ്മക്കും വേണ്ടി ശിൽപശാലകളും നടത്തി. അങ്ങനെ വിരസമായ സമയങ്ങൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി തസ്നിം അൻസാരി ഏറെ മധുരമായ യാത്ര തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.