അനധികൃത കാർ ഷെഡ് പൊളിച്ചുനീക്കാൻ കാമ്പയിൻ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അനുമതിയില്ലാതെ പണിത വാഹനപാർക്കിങ് ഷെഡുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു തുടങ്ങി.
ഹവല്ലി ഗവർണറേറ്റിന്‍റെ വിവിധ ഭാഗങ്ങളിൽ സർക്കാർ ഭൂമിയിൽ നിർമിച്ച ഷെഡുകളാണ് ബുൾഡോസർ ഉപയോഗിച്ച് നീക്കിയത്. മുൻകൂർ അനുമതി കൂടാതെ പാർക്കിങ് ഷെഡുകൾ വീടിനു പുറത്ത് പണിയരുതെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും തടയുന്നതിനായി മുനിസിപ്പാലിറ്റി രാജ്യവ്യാപകമായി ആരംഭിച്ച കാമ്പയിന്‍റെ ഭാഗമായാണ് നടപടി.
ഹവല്ലി ഗവർണറേറ്റിൽ പൊളിക്കൽ നടപടികളുടെ ആദ്യഘട്ടം പൂർത്തിയായതായി അധികൃതർ അറിയിച്ചു. സൽവ മേഖലയിൽ എൻജിനീയർ അയീദ് അൽ ഖത്താനിയുടെ നേതൃത്വത്തിൽ ഫീൽഡ് സർവേ നടത്തി. ഇലക്ട്രിക് ട്രാൻസ്ഫോർമറുകളോട് ചേർന്ന് അനധികൃതമായി നിർമിച്ച കാർ ഷെഡുകൾ പൊളിച്ചു നീക്കുകയും ഉടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. കെട്ടിടങ്ങളുടെ അതിരിന് പുറത്ത് കാർ ഷെഡ് നിർമിക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണമെന്നാണ് മുനിസിപ്പാലിറ്റി ചട്ടം.
ജംഇയ്യകൾ, സ്കൂളുകൾ, പൊതു പാർക്കുകൾ എന്നിവയോട് അനുബന്ധിച്ച് കാർ ഷെഡുകൾ നിർമിക്കണമെങ്കിലും മുൻകൂർ അനുമതി നിർബന്ധമാണ്. വാണിജ്യ കെട്ടിടങ്ങൾക്കും താമസകെട്ടിടങ്ങൾക്കും ഇക്കാര്യത്തിൽ ഒരേ നിയമമാണ്.
അനുമതി കൂടാതെ സ്ഥാപിക്കപ്പെടുന്ന ഷെഡുകൾ പൊളിച്ചുമാറ്റുമെന്നും ഇതിനുള്ള ചെലവ് ഉടമയിൽനിന്ന് ഈടാക്കുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. അതേസമയം, ഇപ്പോൾ ഷെഡുകൾക്ക് ലൈസൻസ് നൽകുന്നില്ലെന്നും റിപ്പോർട്ടുണ്ട്. നേരത്തെ അനുവദിച്ച ലൈസൻസുകൾ ഇനി പുതുക്കില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.