ക്യാമ്പിങ് സീസൺ 15ന് ആരംഭിക്കും; സുന്ദര രാവുകളിൽ മരുഭൂമിയിൽ കൂടാം
text_fieldsകുവൈത്ത് സിറ്റി: സുഖകരമായ കാലാവസ്ഥയിൽ ഇനി മരുഭൂമിയിൽ കഴിയാം. രാജ്യത്ത് ശൈത്യകാല ക്യാമ്പിങ് സീസണിന് ഈ മാസം 15ന് തുടക്കമാകും. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് സീസൺ. ഈ സമയം നിർണയിച്ചു നൽകിയ മരുപ്രദേശങ്ങളിൽ തമ്പുകളിൽ കഴിയാം.
കുവൈത്ത് മുനിസിപ്പൽ കൗൺസിലിന്റെ ലീഗൽ ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി സീസണൽ സ്പ്രിങ് ക്യാമ്പുകളുടെ ബൈലോ സ്ഥാപിക്കുന്നതിന് അന്തിമരൂപം നൽകി. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, സ്വകാര്യ കമ്പനികൾ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ എന്നിവര്‍ക്ക് സ്പ്രിങ് ക്യാമ്പുകൾ നടത്താൻ അനുവാദമുണ്ട്.
എന്നാൽ, ക്യാമ്പിങ് നിയമങ്ങൾ ലംഘിക്കുകയോ അനുമതിയില്ലാതെ സ്ഥാപിക്കുകയോ ചെയ്യുന്നവർക്ക് 3,000 മുതൽ 5,000 ദിനാർ വരെ പിഴ ചുമത്തും. കമ്മിറ്റി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ചെറുകിട, ഇടത്തരം ബിസിനസുകൾക്കും റസ്റ്റാറന്റ്, കഫേ മേഖലകളിലെ കമ്പനികൾക്കും പ്രത്യേക സ്ഥലങ്ങൾ അനുവദിക്കും. കോഫി ഷോപ്പുകൾ, ജ്യൂസുകൾ, റിഫ്രഷ്മെന്റുകൾ, ലഘുഭക്ഷണങ്ങൾ എന്നിവയാണ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇവിടെ അനുവദിക്കുക.
ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്ക് തമ്പുകളില്‍ ഊർജ വിതരണ സേവനങ്ങൾ നൽകുന്നതിനും ലൈസൻസ് അനുവദിച്ചിട്ടുണ്ട്. ക്യാമ്പുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ ബുക്കിങ്ങിനും ലൈസൻസ് നേടാനും മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. തണുപ്പാസ്വദിച്ച് മരുഭൂമിയിൽ രാപ്പാർക്കൽ അറബികളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്.
എല്ലാ വർഷവും ക്യാമ്പുകളിൽ നിരവധി പേർ എത്താറുണ്ട്. പലരും കുടുംബത്തോടെ ദിവസങ്ങൾ ചെലവഴിക്കുന്നു. പാചകത്തിനും ദിവസങ്ങളോളം താമസിക്കാനുള്ള സൗകര്യങ്ങളോടെയുമാകും ക്യാമ്പിലെത്തുക. പ്രവാസികളും കുറഞ്ഞ ദിവസങ്ങളിൽ ഇത്തരം തമ്പുകളിൽ തങ്ങാറുണ്ട്. വിവിധ പരിപാടികളും കൂട്ടായ്മകളും തമ്പുകളിൽ സംഘടിപ്പിക്കുന്നവരും നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.