പ്രചാരണങ്ങൾ ശക്തിപ്പെടുത്തി സ്ഥാനാർഥികൾ
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് തീയതി അടുത്തതോടെ സ്ഥാനാർഥികൾ പ്രചാരണങ്ങൾ ശക്തിപ്പെടുത്തി. നവ മാധ്യമങ്ങളിലൂടെയാണ് പ്രചാരണപ്രവർത്തനങ്ങളും വോട്ടഭ്യർഥനയും ഏറെയും നടക്കുന്നത്. സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾ ഈ തെരഞ്ഞെടുപ്പിൽ സജീവമാണ്. ഓരോ പ്രദേശത്തെയും ആളുകളെ ഉൾക്കൊള്ളിച്ച് പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുകളും സോഷ്യൽ മീഡിയ പേജുകളും സജീവമാണ്. തങ്ങൾക്ക് പറയാനുള്ളത് പോസ്റ്ററുകളും ലഘുവിഡിയോകളുമായി ഇവയിലൂടെ സ്ഥാനാർഥികൾ പങ്കുവെക്കുന്നുണ്ട്.
അതേസമയം, മിക്ക സ്ഥാനാർഥികളും മത്സരിക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേക ഓഫിസ് തുറന്നിട്ടുണ്ട്. ജനങ്ങൾക്ക് സ്ഥാനാർഥികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന് ഇവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീ-പുരുഷ വോട്ടർമാരുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിലാണ് ഇവ.
വലിയ ടന്റുകളും ദീവാനികളും പച്ചവിരിച്ച ഇരിപ്പിടങ്ങളുമൊക്കെയായി മനോഹരമായി എല്ലാ സൗകര്യങ്ങുളാടും കൂടിയാണ് ഓഫിസുകൾ ഒരുക്കിയിരിക്കുന്നത്. ദിവസവും ഇവിടങ്ങളിൽ ജനങ്ങളുമായി ആശയവിനിമയത്തിന് സ്ഥാനാർഥികൾ സമയം കണ്ടെത്തുന്നുണ്ട്. അണികളും അനുയായികളുമായി സജീവവുമാണ് ഇവിടം. വരും ദിവസങ്ങളിൽ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉണർവു വരും.
ജൂൺ ആറിനാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് തീയതി അടുത്തതോടെ ആഭ്യന്തര മന്ത്രാലയം വോട്ടെടുപ്പ് ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ്. 15 സ്ത്രീകൾ ഉൾപ്പെടെ 252 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. വോട്ടെടുപ്പ് തീയതിക്ക് ഒരാഴ്ച മുമ്പ് വരെ സ്ഥാനാർഥിത്വം പിൻവലിക്കാം. അതിനാൽ മത്സര രംഗത്തുള്ളവരുടെ എണ്ണം കുറഞ്ഞേക്കാം.
ആദ്യ മണ്ഡലത്തിൽ 36, രണ്ടാം മണ്ഡലത്തിൽ 54, മൂന്നാം മണ്ഡലത്തിൽ 41, നാലാം മണ്ഡലത്തിൽ 65, അഞ്ചാം മണ്ഡലത്തിൽ 56 എന്നിങ്ങനെയാണ് മത്സരരംഗത്തുള്ളത്. ഒരു മണ്ഡലത്തിൽനിന്ന് 10 പേർ എന്ന നിലയിൽ അഞ്ചു മണ്ഡലങ്ങളിൽനിന്നായി 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.