മിഠായി മധുരമുള്ള കോഴിക്കോട്
text_fieldsപൈതൃകം ഉറങ്ങുന്ന മണ്ണും പാൽപോലെ ഹൃദയമുള്ള മനുഷ്യരും, അതാണ് കോഴിക്കോടിെൻറ പ്രത്യേകത. നാടിനെ കുറിച്ചുള്ള കോഴിക്കോട്ടുകാരുടെ ഓർമകൾക്ക് എന്നും നഷ്ടസുഗന്ധമാണ്. മൊഞ്ചുള്ള നാടുവിട്ട് മണലാരണ്യത്തിൽ ഉപജീവനത്തിനായി എത്തിയവർ ഗൃഹാതുരതയുടെ ആഴങ്ങളിൽ എപ്പോഴോ ഒരു സ്നേഹസംഘത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങി. അങ്ങനെ കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് രൂപവത്കൃതമായി.
കോഴിക്കോടിെൻറ മഹത്തായ പാരമ്പര്യത്തോട് നീതി പുലർത്തി മുന്നേറുക എന്നത് ദൃഢനിശ്ചയമായിരുന്നു. അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയും 4800ഓളം അംഗബലവുമായി കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് മണ്ണിൽ ജൈത്രയാത്ര 12ാം വർഷത്തിലേക്ക് കടന്നു. കുവൈത്ത് സമൂഹത്തിലെ മുൻനിര സംഘടനകളിലൊന്നായി സാമൂഹിക സാംസ്കാരിക കാരുണ്യ മേഖലയിൽ മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു.
ഓരോ അംഗത്തിനും പ്രവാസത്തിെൻറ ഒറ്റപ്പെടലും ഗൃഹാതുര ചിന്തകളും അതിജീവിക്കാൻ ഒരു പരിധിവരെ ഈ കൂട്ടായ്മയുടെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിരിക്കുന്നു. ഓണവും ഈദും ക്രിസ്മസും പുതുവത്സരവും നോമ്പുതുറകളും വിനോദയാത്രകളും അങ്ങനെ എല്ലാ ആഘോഷങ്ങളും കെ.ഡി.എ തറവാട്ടിലെ അംഗങ്ങൾ ഒത്തൊരുമിച്ച് സകുടുംബം ആഘോഷിച്ചു പോരുന്നു. നാട്ടുവിശേഷങ്ങൾ പങ്കുവെച്ചും വിഷമങ്ങളിൽ താങ്ങും തണലുമേകിയും കൂട്ടായ്മ ഒത്തുചേരലുകൾ ആസ്വദിക്കുന്നു. 'കാരുണ്യം' പദ്ധതിയിലൂടെ കോഴിക്കോട് ജില്ലയിലെ നിരവധി പേർക്ക് ചികിത്സ സഹായം നൽകിവരുന്നു.
75 ലക്ഷത്തോളം രൂപ പദ്ധതിക്കായി ചെലവഴിച്ചു. എല്ലാ വർഷവും നടത്തുന്ന 'കോഴിക്കോട് ഫെസ്റ്റ്' എന്ന മഹോത്സവത്തിലൂടെയാണ് ഇത്തരം സാമ്പത്തിക സഹായങ്ങൾക്കുള്ള പണം കണ്ടെത്തുന്നത്. പരിപാടികളിൽ നാട്ടിൽനിന്ന് എത്തിച്ചേരുന്ന പ്രശസ്തരായ കലാകാരന്മാർ ഗംഭീരമായ കലാവിരുന്ന് കുവൈത്ത് പ്രവാസികൾക്കായി കാഴ്ചവെക്കുന്നു. കുടുംബക്ഷേമ പദ്ധതിയിലൂടെ കുവൈത്തിലെ അംഗങ്ങൾക്ക് ചികിത്സ സഹായങ്ങളും അപകട പരിരക്ഷയും നൽകിപ്പോരുന്നു.
കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ സഹായസഹകരണങ്ങളുമായി കെ.ഡി.എയും മുന്നിട്ടിറങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിഹിതം എത്തിക്കാൻ സാധിച്ചു. കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപൊട്ടൽ നാശം വിതച്ചപ്പോഴും ഭക്ഷണവും വസ്ത്രങ്ങളും അടങ്ങിയ സഹായ കിറ്റുകളുമായി കെ.ഡി.എ രംഗത്തെത്തി. വീടുകൾ നിർമിച്ചു നൽകിയും മെഡിക്കൽ കോളജിൽ സഹായം എത്തിച്ചും ആദിവാസി കോളനികളിൽ വൈദ്യുതി വിളക്കുകൾ സമ്മാനിച്ചും സ്കൂളുകളിൽ യൂനിഫോമും കുടകളും വിതരണം ചെയ്തും കഴിയുന്ന വിധത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
അസോസിയേഷെൻറ സുപ്രധാന വിഭാഗമായ 'മഹിളാവേദി' വർഷാവർഷങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ കൗൺസലിങ് ക്ലാസുകളും കുട്ടികൾക്കായി മാതൃഭാഷ പഠനക്ലാസുകളും നടത്തിവരുന്നു. 'ബാലവേദി' കൂട്ടായ്മയിലൂടെ കലാകായിക രംഗങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും പുതുതലമുറയും കൂടെയുണ്ട്. കോവിഡ് പ്രതിസന്ധി കാലത്ത് ജോലിയില്ലാതായ നിരവധി സഹോദരങ്ങളെ ഭക്ഷണ കിറ്റുകൾ നൽകിയും മരുന്നു വിതരണം നടത്തിയും ടെലിഫോൺ വഴിയുള്ള വൈദ്യസഹായങ്ങൾ ഏർപ്പാട് ചെയ്തും ചേർത്തുപിടിച്ചു.
കോവിഡിനെക്കുറിച്ചും വാക്സിനേഷനെക്കുറിച്ചുമെല്ലാമുള്ള ആശങ്കകൾ ദൂരീകരിക്കാനായി 'നിപ' രോഗനിർണയത്തിലൂടെ പ്രശസ്തനായ ഡോ. അനൂപ് കുമാർ നയിച്ച ഓൺലൈൻ ക്ലാസുകൾ നിരവധി തവണ സംഘടിപ്പിച്ചു. അടിയന്തരമായി നാട്ടിൽ പോകാൻ കഴിയാതെ കുവൈത്തിൽ അകപ്പെട്ടുപോയവർക്കായി ചാർട്ടേഡ് വിമാനം സജ്ജീകരിക്കാൻ അസോസിയേഷന് കഴിഞ്ഞു. അവധിക്കുപോയി യാത്രാ നിയന്ത്രണങ്ങൾ കാരണം കുവൈത്തിലേക്ക് തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിയ സുഹൃത്തുക്കൾക്ക് സാമ്പത്തിക സഹായം നൽകാനായി.
സി. ഹനീഫ് (പ്രസി.), കെ. ഷൈജിത്ത് (ജന. സെക്ര.), ജാവേദ് ബിൻ ഹമീദ് (ട്രഷ.), ഷെരീഫ് താമരശ്ശേരി, ഋഷി ജേക്കബ്, ആർ.ബി. പ്രമോദ് (രക്ഷ.), മറ്റു ഭാരവാഹികളായ പി.വി. വിനീഷ്, സിദ്ധാർഥൻ കുരുവട്ടൂർ, ടി.വി. അസ്ലം, എം. മജീദ്, പി.വി. നജീബ്, റിജിൻ രാജ്, കെ. അനിൽകുമാർ, ടി.കെ. അബ്ദുൽ നജീബ്, കെ.വി. ഫൈസൽ, സി. ശ്രീനിഷ്, ബി. പ്രബീഷ്, പ്രശാന്ത്, വാരിജാക്ഷൻ, ശിവദാസ് പിലാക്കാട്ട്, ജിനീഷ്, സിബി ഉള്ളാട്ടിൽ, മഹിളാവേദി ഭാരവാഹികളായ സ്മിത രവീന്ദ്രൻ (പ്രസി.), ജീവ ജയേഷ് (സെക്ര.), സിസിത ഗിരീഷ് (ട്രഷ.), രശ്മി അനിൽ, അഞ്ജന രജീഷ്, അശ്വതി ഹരിദേവ്, ദിവ്യ റിജേഷ്, രേഖ ടി. അശ്വതി പ്രബീഷ്, ഡിൻസി ബഗീഷ്, ബാലവേദി ഭാരവാഹികളായ അക്താബ് ദിയാൻ (പ്രസി.), അലൈന ഷൈജിത്ത് (സെക്ര.), അഞ്ജന പ്രമോദ് (ആർട്ട് ആൻഡ് കൾചർ) എന്നിവരാണ് കൂട്ടായ്മയെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.