ഒരു ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വൻ മയക്കുമരുന്നുവേട്ട. ഷുവൈഖ് തുറമുഖം വഴി രാജ്യത്തേക്കു കടത്താൻ ശ്രമിച്ച ഒരു ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി. മൂന്നു പേരെ അറസ്റ്റു ചെയ്തു.
ക്രിമിനൽ സെക്യൂരിറ്റി വിഭാഗം, കസ്റ്റംസ്, മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ എന്നിവയും ഖത്തറിലെ ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റും തമ്മിലുള്ള ഏകോപനത്തിന്റെയും സംയുക്ത സഹകരണത്തിന്റെയും ഫലമായാണ് ലഹരി പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറബ് പൗരന്മാർ ഉൾപ്പെട്ട മൂന്നു പേർ ഒരു ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്തിക്കൊണ്ടുവരാനുള്ള ശ്രമം സംയുക്ത സംഘം ഇടപെട്ട് പരാജയപ്പെടുത്തുകയായിരുന്നു. ഗുളികകൾ നിർമാണ സാമഗ്രികൾ അടങ്ങിയ കണ്ടെയ്നറിൽ ഷുവൈഖ് തുറമുഖം വഴി രഹസ്യമായി ഒളിപ്പിച്ചുകടത്താനായിരുന്നു നീക്കം.
പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്ത് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതും ഇടപാടുകളും ഉപയോഗവും തടയാനും ഇത്തരം ശ്രമങ്ങളെ ശക്തമായി നേരിടാനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ കർശന നിർദേശമുണ്ട്.
ലഹരിമരുന്ന് പിടികൂടുന്നതിലെ ഫലപ്രദമായ സഹകരണത്തിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഖത്തറിന് നന്ദിയും കടപ്പാടും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.