ആഘോഷമായി പ്രവാസി വെൽഫെയർ പത്താം വാർഷികം
text_fieldsകുവൈത്ത് സിറ്റി: ഒരു പതിറ്റാണ്ടായി പ്രവാസി സമൂഹത്തിൽ നിസ്വാർഥ സേവന പ്രവർത്തനങ്ങളുടെ മികവുമായി പ്രവാസി വെൽഫെയർ കുവൈത്ത് പത്താം വാർഷികം ആഘോഷിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വർണാഭമായ പരിപാടികളാണ് അരങ്ങേറിയത്.
ആധുനിക കേരളത്തെ നിർമിച്ചത് ഇടതുപക്ഷവും വലതുപക്ഷവുമല്ല, പ്രവാസി പക്ഷമാണെന്നു സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു. പ്രവാസി വെൽഫെയർ തീം സോങ് പ്രകാശനവും അദ്ദേഹം നിർവഹിച്ചു. പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക് അഹമ്മദ് അധ്യക്ഷത വഹിച്ചു.
കുരുന്നുകൾ അണിനിരന്ന കുവൈത്തിന്റെയും ഇന്ത്യയുടേയും ദേശീയഗാന ആലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. 70 കുട്ടികൾ പങ്കെടുത്ത ഡി.കെ ഡാൻസ് ഗ്രൂപ് ഒരുക്കിയ സംഘ നൃത്തം, ജനപ്രിയ ടെലിവിഷൻ പരമ്പരയായ `മറിമായം' കലാകാരന്മാരുടെ പ്രകടനം എന്നിവ ആകർഷകമായി. മുസ്തഫ, യാസർ, റാഫി കല്ലായി, സഞ്ജന എന്നിവർ ഗാനമാലപിച്ചു.
സമ്മേളന പ്രായോജകരായ മാംഗോ ഹൈപർ മാനേജിങ് ഡയറക്ടർ റഫീഖ് അഹമ്മദ്, അയ്യൂബ് കച്ചേരി (ഗ്രാന്റ് ഹൈപർ), അഫ്സൽ ഖാൻ (മലബാർ ഗോൾഡ്), ബെൻസൻ, ഫൈസൽ, ഷബീർ മണ്ടോളി, അൻസാരി ഇബ്റാഹിം, മുസ്തഫ, കമാൽ വി.ടി.എസ്, അനസ് എന്നിവർക്കുള്ള മെമന്റോ പ്രവാസി വെൽഫെയർ നേതാക്കൾ കൈമാറി. `മറിമായം'കലാകാരന്മാർക്കും ഡി.കെ ഡാൻസ് ഗ്രൂപ്പിനുമുള്ള ഉപഹാരം കൺവീനർ സഫ്വാൻ, കെ.എം. ജവാദ്, അഷ്ഫാഖ്, നസീം, നയീം, നാസർ മടപ്പള്ളി, റഷീദ് ഖാൻ, നിഷാദ് ഇളയത് എന്നിവർ കൈമാറി.
പ്രവാസി വെൽഫെയർ കുവൈത്ത് നേതാക്കളായ റസീന മുഹിയിദ്ദീൻ, അൻവർ സഈദ്, റഫീഖ് ബാബു പൊന്മുണ്ടം, ഷൗക്കത്ത് വളാഞ്ചേരി, ആയിഷ പി.ടി.പി, ഗിരീഷ് വയനാട്, അനിയൻകുഞ്ഞ്, വാഹിദ ഫൈസൽ, സിറാജ് സ്രാമ്പിക്കൽ, അബ്ദുൽ വാഹിദ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ സഫ് വാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.