ആഘോഷ ദിനം
text_fieldsഔഖാഫ് സംഘടിപ്പിച്ച പെരുന്നാൾ നമസ്കാരത്തിനെത്തിയവർ
കുവൈത്ത് സിറ്റി: വ്രതശുദ്ധിയുടെ 29 ദിനരാത്രങ്ങൾക്കൊടുവിൽ കുവൈത്തിലെ വിശ്വാസികൾ വെള്ളിയാഴ്ച ചെറിയ പെരുന്നാള് ആഘോഷിച്ചു. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് പതിനായിരങ്ങൾ ഒരുമിച്ചു കൂടി. രാവിലെ 5.31ന് പെരുന്നാൾ നമസ്കാരം ആരംഭിച്ചു. നേരത്തെ തന്നെ ജനങ്ങൾ പള്ളികളിലും ഈദ്ഗാഹുകളിലും എത്തിയ വിശ്വാസികൾ തക്ബീർ മുഴക്കി പെരുന്നാളിനെ സ്വാഗതം ചെയ്തു.
റമദാനിൽ വൃതാനുഷ്ടാനത്തിലൂടെ കൈവരിച്ച ആത്മ വിശുദ്ധി കൈവിടാതെ ജീവിക്കാനും, സാമൂഹിക പ്രതിബദ്ധതയും, സ്നേഹവും, കാരുണ്യവും കൈമുതലാക്കി പ്രവാചക മാതൃകക്ക് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും ഈദ് ഖുതുബയിൽ ഖതീബുമാർ ഉണർത്തി.ഔഖാഫിലേയും വിവിധ ഇസ്ലാമിക കൂട്ടായ്മകളുടേയും ആഭിമുഖ്യത്തില് രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഈദ് ഗാഹുകള് ഒരുക്കിയിരുന്നു.
പരസ്പരം സ്നേഹം കൈമാറിയും, ആശ്ലേഷിച്ചും, ആശംസകൾ കൈമാറിയും വിശ്വാസികൾ ഈദ് ആഘോഷം പങ്കിട്ടു. മിക്ക പള്ളികളിലും മിഠായിയും പായസ വിതരണവും ഉണ്ടായി.
കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഈദ് ഗാഹ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻററിൻറെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിലായി ആറ് ഈദ് ഗാഹുകൾ സംഘടിപ്പിച്ചു. അബ്ബാസിയ ഇന്റിഗ്രേറ്റഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് സമീർ അലി എകരൂലും,സാൽമിയ മസ്ജിദ് അൽ നിംഷ് ഗ്രൗണ്ടിൽ പി.എൻ.അബ്ദുറഹിമാൻ അബ്ദുലത്തീഫും, ഫർവാനിയ പാർക്കിന് സമീപത്തുള്ള ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് മുഹമ്മദ് അഷ്റഫ് എകരൂലും, മംഗഫ് മലയാളം ഖുത്തുബ മസ്ജിദ് സമീപത്തുള്ള ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് ഷഫീഖ് മോങ്ങവും, ഫഹാഹീൽ ദബ്ബൂസ് പാർക്കിൽ നടന്ന ഈദ് ഗാഹിന് സാജു ചെംനാടും, ഖൈത്താൻ സ്ട്രീറ്റ് പെഡൽ ടറഫിൽ ഷബീർ സലഫിയും നേതൃത്വം നൽകി. ഹവല്ലി,ശർഖ്,അബൂഹലീഫ,ജഹറ, മെഹബൂല എന്നിവിടങ്ങളിൽ സെൻ്ററിന്റെ കീഴിൽ മലയാളം ഖുത്തുബ നടക്കുന്ന പള്ളികളിൽ ഈദ് നമസ്കാരങ്ങളും സംഘടിപ്പിച്ചു.
അർദിയ ഷൈമ അൽ ജബ്ർ മസ്ജിദിൽ സക്കീർ ഹുസൈൻ തുവ്വൂർ പെരുന്നാൾ ഖുതുബ നിർവഹിക്കുന്നു, അബ്ബാസിയ്യ ഇൻറർ ഗ്രേറ്റഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് സമീർ അലി എകരൂൽ നേതൃത്വം നൽകുന്നു
കെ.ഐ.ജി പെരുന്നാള് നമസ്കാരം
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് സംഘടിപ്പിച്ച പെരുന്നാള് നമസ്കാരത്തിന് അനീസ് ഫാറൂഖി (റിഗ്ഗഇ സഹ്വ് ഹംദാൻ അൽ മുതൈരി മസ്ജിദ്),ഫൈസൽ മഞ്ചേരി(മെഹ്ബൂല സഹ്മി ഫഹദ് ഹാജിരി മസ്ജിദ്), നിയാസ് ഇസ്ലാഹി (മംഗഫ് ഫഹദ് സാലിം മസ്ജിദ്), അൻവർ സഈദ് (സാൽമിയ ആഇശ മസ്ജിദ്),സക്കീർ ഹുസൈൻ തുവ്വൂർ (അർദിയ ഷൈമ അൽ ജബ്ർ മസ്ജിദ്) എന്നിവർ നേതൃത്വം നൽകി.
ഹുദാ സെന്റർ ഈദ് മുസല്ല
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ പെരുന്നാൾ നമസ്ക്കാരം മസ്ജിദു സനയ്യയിൽ സംഘടിപ്പിച്ചു. നമസ്കാരത്തിന് ഹുദാ സെന്റർ പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന് നേതൃത്വം നൽകി. റമദാനിൽ ഒരുമാസക്കാലമായി തുടർന്നുപോന്ന സൂക്ഷ്മത നിലനിർത്തി പുണ്യങ്ങൾ അധികരിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അറ്റുപോയ സാഹോദര്യ ബന്ധങ്ങളുടെ കണ്ണിചേർക്കാനും സാമൂഹിക ബന്ധങ്ങൾ കാത്തു സൂക്ഷിക്കാനും വിശ്വാസികൾ പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളടക്കം ധാരാളം പേർ ഹുദാ സെന്റർ ഈദ് മുസല്ലയിൽ പങ്കെടുത്തു.
ഫഹാഹീൽ സനയ്യ മസ്ജിദിൽ നടന്ന ഈദ് മുസല്ലയിൽ മൗലവി അബ്ദുല്ല കാരക്കുന്ന് ഖുതുബ നിർവഹിക്കുന്നു
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ് ഗാഹ്
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ നമസ്കാരങ്ങൾ സംഘടിപ്പിച്ചു. അബ്ബാസിയ്യ യുനൈറ്റഡ് സ്കൂളിന് പിൻവശം നടന്ന മലയാളി ഈദ് ഗാഹിന് കെ.എൻ.എം മർകസ്ദഅവാ ട്രഷറർ എം.അഹ്മദ് കുട്ടി മദനി എടവണ്ണ നേതൃത്വം നൽകി. വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു. സാൽമിയ മസ്ജിദ് അബ്ദുല്ല വുഹൈബിൽ മൗലവി ലുക്മാൻ പോത്തുകല്ലും , മങ്കഫ് മസ്ജിദ് ഫാത്തിമ അജ്മിയിൽ മൗലവി അബ്ദുന്നാസർ മുട്ടിലും, മഹ്ബൂല പഴയ നാസർ സ്പോർട്സ് അക്കമഡേഷൻ മുർഷിദ് അരീക്കാടും നമസ്കാരങ്ങൾക്ക് നേതൃത്വം നൽകി.
അബ്ബാസിയ യുനൈറ്റഡ് സ്കൂളിന് പിൻവശം നടന്ന ഈദ് ഗാഹിന് കെ.എൻ.എം മർകസ്ദഅവാ ട്രഷറർ എം. അഹ്മദ് കുട്ടി മദനി എടവണ്ണ നേതൃത്വം നൽകുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.